കൊല്ലം: കൊട്ടാരക്കര സ്പെഷ്യൽ സബ് ജയിലിന് ഇനി ആംബുലൻസ് സൗകര്യവും. അടിയന്തര ഘട്ടങ്ങളിൽ തടവുകാരെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനും മറ്റുമായിട്ടാണ് ആംബുലൻസ് അനുവദിച്ചത്. ജയിൽ വാഹനത്തിലും വാടക വാഹനത്തിലുമായിട്ടായിരുന്നു പലപ്പോഴും തടവുകാരെ ആശുപത്രിയിലടക്കം കൊണ്ടുപോയിരുന്നത്. മെഡിക്കൽ കോളേജിലും മറ്റും പോകേണ്ടതായി വരുമ്പോൾ ഇത് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. വാടക ഇനത്തിൽ സ്വകാര്യ ആംബുലൻസുകൾക്ക് വലിയ തുക മിക്കപ്പോഴും മാറ്റിവയ്ക്കേണ്ടി വന്നിരുന്നു. അങ്ങനെയാണ് ജയിലിലേക്ക് സ്വന്തമായി ആംബുലൻസ് എന്ന ആശയവുമായി ജയിൽ സൂപ്രണ്ടടക്കമുള്ള ഉദ്യോഗസ്ഥർ പി.ഐഷാപോറ്റി എം.എൽ.എയെ സമീപിച്ചത്. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും പന്ത്രണ്ട് ലക്ഷത്തോളം രൂപ ചെലവിട്ടാണ് ആംബുലൻസ് വാങ്ങിയത്. മെച്ചപ്പെട്ട സൗകര്യങ്ങളുള്ള ആംബുലൻസ് ഇന്നുമുതൽ ഓടിത്തുടങ്ങും. ജയിലിലെ തടവുകാർക്കും ഉദ്യോഗസ്ഥർക്കും മാത്രമേ ഈ ആംബുലൻസിന്റെ സേവനം ലഭ്യമാവുകയുള്ളൂ.
ഫ്ളാഗ് ഓഫ് ഇന്ന്
സബ് ജയിലിന് അനുവദിച്ച ആംബുലൻസ് സർവീസിന്റെ ഫ്ളാഗ് ഓഫ് ഇന്ന് പി.ഐഷാപോറ്റി എം.എൽ.എ നിർവഹിക്കും. രാവിലെ പത്തിന് ജയിൽ വളപ്പിൽ നടക്കുന്ന ചടങ്ങിൽ ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് മുഖ്യ അതിഥിയാകും. നഗരസഭ ചെയർപേഴ്സൺ ബി.ശ്യാമളഅമ്മ, സബ് ജയിൽ സൂപ്രണ്ട് മധുകുമാർ എന്നിവർ പങ്കെടുക്കും.
സബ് ജയിൽ സൂപ്രണ്ട് ആവശ്യപ്പെട്ടപ്പോഴാണ് ജയിലിന് ആംബുലൻസ് വേണ്ടത് അടിയന്തര ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടത്. ഉടൻതന്നെ തുക അനുവദിക്കുന്നതിന് നടപടിയുണ്ടാക്കി. താലൂക്ക് ആശുപത്രിയ്ക്ക് 22 ലക്ഷം രൂപ ചിലവിൽ കൂടുതൽ മെച്ചപ്പെട്ട ഒരു ആംബുലൻസുകൂടി അനുവദിച്ചിട്ടുണ്ട്. ഇതും ഉടൻ സർവീസ് തുടങ്ങും - പി.ഐഷാപോറ്റി എം.എൽ.എ