കൊല്ലം: വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ യുവാക്കൾക്കും പുതുമുഖങ്ങൾക്കും പ്രാമുഖ്യം നൽകുമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കൊല്ലത്ത് കെ.പി.സി.സി നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിജയസാദ്ധ്യതയുളളവർക്ക് മുന്തിയ പരിഗണന നൽകും. വാർഡ് കോൺഗ്രസ് കമ്മിറ്റിയോട് ആലോചിച്ച് അവരുടെ തീരുമാനത്തിനായിരിക്കും മുൻഗണന. റിബലുകളായി മത്സരിക്കുന്നവർ പിന്നെ കോൺഗ്രസിലുണ്ടാവില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ ഡോ. ശൂരനാട് രാജശേഖരൻ, കെ.പി.സി.സി വൈസ് പ്രസിഡന്റ് മോഹൻ ശങ്കർ, എഴുകോൺ നാരായണൻ, കെ.പി. അനിൽകുമാർ, പഴകുളം മധു എന്നിവർ സംസാരിച്ചു.