കൊല്ലം: ഇടക്കാലത്ത് ആയിരം വരെയെത്തിയ പ്രതിദിന കൊവിഡ് സ്ഥിരീകരണം ഇപ്പോൾ അല്പം താഴ്ന്നെങ്കിലും ഗുരുതര രോഗലക്ഷണങ്ങൾ ഉള്ളവരുടെ എണ്ണത്തിൽ കുറവില്ല. നാളുകളുമായി ഗുരുതര രോഗലക്ഷണങ്ങൾ ഉള്ള കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുകയാണെന്ന് ആരോഗ്യവകുപ്പ് പറയുന്നു.
ആദ്യഘട്ടത്തിൽ കൊവിഡ് സ്ഥിരീകരിച്ചവരിൽ പലർക്കും രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു. പക്ഷെ കഴിഞ്ഞ മൂന്ന് മാസത്തിനിടയിലാണ് രോഗലക്ഷണങ്ങൾ ഉള്ളവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായത്. നിരക്ക് ദിനംപ്രതി വർദ്ധിക്കുകയാണ്. ജില്ലാ ആശുപത്രിയിലും മെഡിക്കൽ കോളേജുകളിലും പുതുതായി ഒരുക്കുന്ന ഐ.സി.യു കിടക്കകൾ അപ്പോൾ തന്നെ നിറയുകയാണ്. സ്ഥിതി നിയന്ത്രണാതീതമായി മാറുകയാണെങ്കിൽ നേരിടാൻ സ്വകാര്യ ആശുപത്രികളിലടക്കമുള്ള തീവ്രപരിചരണ യൂണിറ്റുകളുടെ എണ്ണം ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്.
ഒക്ടോബറിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാൽ രോഗവ്യാപന നിരക്ക് സെപ്തംബറിനേക്കാൾ കുറവായിരുന്നു. സെപ്തംബറിൽ തൊട്ടുമുൻപുള്ള ആഗസ്റ്റിൽ രോഗം ബാധിച്ചതിന്റെ നാലിരട്ടി പേരിലേക്കാണ് കൊവിഡ് പടർന്നത്.
എന്താണ് സി കാറ്റഗറി
മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് കൊവിഡ് ചികിത്സ. കൊവിഡ് സ്ഥിരീകരിച്ചെങ്കിലും രോഗലക്ഷണണങ്ങൾ ഇല്ലാത്തവരാണ് എ കാറ്റഗറി. ഇവർക്ക് വീടുകളിൽ തന്നെയാണ് ചികിത്സ. ചെറിയ രോഗലക്ഷണങ്ങൾ ഉള്ളവരാണ് ബി കാറ്റഗറി. ഇവരെ ഫസ്റ്റ്/ സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്റുകളിൽ ചികിത്സിക്കും. ഗുരുതര രോഗലക്ഷണങ്ങൾക്കൊപ്പം മറ്റ് രോഗങ്ങളും ഉള്ളവരാണ് സി കാറ്റഗറി. ഇവരെ നിലവിൽ ജില്ലയിലെ കൊവിഡ് സെന്ററുകളായ ജില്ലാ ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കൽ കോളേജിലുമാണ് ചികിത്സിക്കുന്നത്. കുറച്ചുപേർ സ്വകാര്യ ആശുപത്രികളിലുമുണ്ട്.
പ്രതിദിന പരിശോധന 5,500
1. പ്രതിദിനം കുറഞ്ഞത് 5,500 പേർക്കെങ്കിലും പരിശോധന നടത്താൻ കർശന നിർദ്ദേശം
2. 18 ആരോഗ്യ ബ്ലോക്കുകളിലായി പ്രത്യേക ക്വാട്ട നിശ്ചയിച്ച് നൽകി
3. കഴിഞ്ഞ രണ്ടാഴ്ച പരിശോധനകളുടെ എണ്ണത്തിൽ ചെറിയ കുറവ് സംഭവിച്ചിട്ടുണ്ട്
4. ഇതാണ് രോഗസ്ഥിരീകരണത്തിലെ കുറവിന്റെ കാരണങ്ങളിലൊന്ന്
5. ഇനി ഞായറാഴ്ചകളിലടക്കം മൊബൈൽ ലാബുകളുടെ സഹായത്തോടെ പരിശോധന തുടരും
6. ഒരുമാസം മുൻപ് വരെ ശരാശരി 3,000 പരിശോധനകളാണ് നടത്തിയിരുന്നത്
ചികിത്സയിലുള്ളത്
സി.എഫ്.എൽ.ടി.സി: 1,417
തീവ്രപരിചരണ വിഭാഗത്തിൽ: 71
ജില്ലയിൽ ഓരോ മാസവും കൊവിഡ് ബാധിച്ചവരുടെ എണ്ണം
ഏപ്രിൽ: 20
മേയ്: 38
ജൂൺ: 287
ജൂലായ്: 1403
ആഗസ്റ്റ്: 2615
സെപ്തംബർ: 9720
ഒക്ടോബർ: 19,721
നവംബർ ഇതുവരെ: 2,597
''
ഇടയ്ക്ക് കൊവിഡ് വ്യാപനം കുറയുന്നതായി തോന്നിയെങ്കിലും ഇപ്പോൾ അങ്ങനെ പറയാനാകാത്ത സ്ഥിതിയാണ്. പരിശോധനയുടെ എണ്ണം കൂട്ടുമ്പോൾ കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നുണ്ട്. ഗുരുതര രോഗലക്ഷണങ്ങൾ ഉള്ളവരുടെ എണ്ണവും വർദ്ധിക്കുന്നു.
ആർ. ശ്രീലത, ഡി.എം.ഒ