നിർമ്മാണ - തൊഴിൽ മേഖല സജീവമാകുന്നു
കൊല്ലം: നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വന്നതോടെ അന്യസംസ്ഥാന തൊഴിലാളികൾ ജില്ലയിലെ തൊഴിലിടങ്ങളിലേക്ക് മടങ്ങിയെത്തുന്നു. പശ്ചിമബംഗാൾ, ഒറീസ, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് കൊല്ലത്തേക്ക് മടങ്ങാൻ തൊഴിലാളികൾ താൽപ്പര്യമറിയിച്ചിട്ടുണ്ട്.
പ്രതിസന്ധിയുടെ കാലത്തും നാട്ടിലേക്ക് മടങ്ങാതെ കൊല്ലത്ത് തങ്ങിയ തൊഴിലാളികളെ ബന്ധപ്പെട്ടാണ് ഇവിടുത്തെ സാഹചര്യങ്ങൾ അന്വേഷിക്കുന്നത്. ഇതിനൊപ്പം നിർമ്മാണ മേഖലയിലേക്കും മറ്റും തൊഴിലാളികളെ നൽകുന്ന കരാറുകാരുമായും തൊഴിലാളികൾ ഫോണിൽ ബന്ധപ്പെടുന്നുണ്ട്. ഈ മാസം അവസാനത്തോടെ വലിയൊരുവിഭാഗം തൊഴിലാളികൾ തിരികെയെത്തുമെന്നാണ് പ്രതീക്ഷ.
തൊഴിൽ വകുപ്പിന്റെ കണക്ക് അനുസരിച്ച് കഴിഞ്ഞ മാർച്ചിൽ ഇരപതിനായിരത്തിലേറെ അന്യ സംസ്ഥാന തൊഴിലാളികൾ ജില്ലയിലെ വിവിധ തൊഴിൽ മേഖളകളിലുണ്ടായിരുന്നു. കേരളത്തിൽ കൊവിഡ് വ്യാപനം തുടങ്ങിയ മാർച്ച് അവസാനത്തോടെ തൊഴിലാളികളിൽ പലരും സ്വന്തം നാടുകളിലേക്ക് മടങ്ങിത്തുടങ്ങിയിരുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ തൊഴിലും വരുമാനവും നലിച്ച ഇവർ പ്രതിസന്ധിയിലായി. തുടർന്ന് സർക്കാർ ഇടപെട്ട് ഇവർക്ക് സൗജന്യ റേഷൻ വിതരണം നടത്തിയിരുന്നു. അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകൾ കേന്ദ്രീകരിച്ച് പൊലീസും വലിയ തോതിൽ സഹായമെത്തിച്ചു. പിന്നീട് പ്രത്യേക ട്രെയിനുകൾ സജ്ജമാക്കി തൊഴിലാളികളെ സ്വന്തം നാടുകളിലേക്ക് മടക്കുകയായിരുന്നു.
കൊവിഡ് മാനദണ്ഡം ഉറപ്പാക്കും
അന്യസംസ്ഥാനങ്ങളിൽ നിന്ന് മടങ്ങിയെത്തുന്ന തൊഴിലാളികൾ ആരോഗ്യവകുപ്പിന്റെ നിർദേശം അനുസരിച്ച് നിരീക്ഷണത്തിൽ കഴിയേണ്ടതുണ്ട്. ഇതിന് തൊഴിലുടമ, അല്ലെങ്കിൽ കരാറുകാരൻ സൗകര്യം ഒരുക്കണം. തുടർന്ന് കൊവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് സ്ഥിരീകരിക്കണം. ട്രെയിൻ ഗതാഗതം സാധാരണ നിലയിലാകുന്നതോടെ കൂടുതൽ തൊഴിലാളികളെത്തും.
നിരീക്ഷിക്കാൻ പ്രത്യേക സംഘം
ട്രെയിൻ മാർഗം ജില്ലയിലേക്ക് മടങ്ങിയെത്തുന്നവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനും തൊഴിലുടമയുടെ ചെലവിൽ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാനും തൊഴിൽ വകുപ്പ് റെയിൽവേ സ്റ്റേഷനുകളിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ആര്യങ്കാവ് ചെക്ക് പോസ്റ്രിലും പ്രത്യേക സംഘത്തിന്റെ നിരീക്ഷണമുണ്ട്. ഇരുപതിനായിരത്തോളം തൊഴിലാളികളാണ് ലോക്ക് ഡൗൺ കാലത്ത് നാട്ടിലേക്ക് മടങ്ങിയത്.
പ്രതീക്ഷയോടെ കേരളത്തിലേക്ക്
1. തൊഴിൽ ഇല്ലെങ്കിലും ക്യാമ്പുകളിൽ തങ്ങിയവർക്ക് പട്ടിണി കിടക്കേണ്ടി വന്നിരുന്നില്ല
2. ജന്മ നാട്ടിലേക്ക് മടങ്ങിപ്പോയവരുടെ സ്ഥിതി മറിച്ചാണ്
3. തൊഴിലും വരുമാനവും ഇല്ലാതെ മിക്ക കുടുംബങ്ങളും ദുരിതത്തിൽ
4. മിക്കവരും കേരളത്തിലെ തൊഴിലിടങ്ങളിലേക്ക് മടങ്ങിയെത്തുന്നു
5. നിർമ്മാണ - തൊഴിൽ മേഖലകൾ സജീവമായത് ഇവർക്ക് പ്രതീക്ഷയാകുന്നു
നാട്ടിലേക്ക് പോയ തൊഴിലാളികൾ: 20,000
തിരികെയെത്തിയത്: 1,700 പേർ
''
1,700 തൊഴിലാളികളാണ് ഇതുവരെ മടങ്ങിയെത്തിയത്. കൂടുതൽ തൊഴിലാളികൾ വരും ദിവസങ്ങളിൽ എത്താനാണ് സാദ്ധ്യത.
എ.ബിന്ദു
ജില്ലാ ലേബർ ഓഫീസർ