kollam-beach

കൊല്ലം: നിലവിലെ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം ഒഴിഞ്ഞാലുടൻ കൊല്ലം ബീച്ചിൽ പ്രവേശനം അനുവദിക്കും. പക്ഷേ പണ്ടത്തെപ്പോലെ ആൾക്കൂട്ടം അനുവദിക്കില്ല. കടുത്ത നിയന്ത്രണങ്ങളോടെയാകും പ്രവേശനം.

സ്ഥാപനങ്ങളിലേത് പോലെ ശരീര ഊഷ്മാവ് പരിശോധിച്ച ശേഷമേ ബീച്ചിലേക്കും പ്രവേശനം ഉണ്ടാകൂ. ലൈഫ് ഗാർഡുമാർക്ക് പുറമേ കുടുംബശ്രീ പ്രവർത്തകരെയും ഇതിനായി നിയോഗിച്ചിട്ടുണ്ട്. സന്ദർശകർ സാനിട്ടൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കുകയും വേണം. ഇതിനായി ലൈഫ് ഗാർഡുമാരുടെ മുറിയിൽ പ്രത്യേക സാനിട്ടൈസിംഗ് സൗകര്യവും ഏർപ്പാടാക്കിയിട്ടുണ്ട്.

 സന്ദർശനം വൈകിട്ട് 6 വരെ

നേരത്തെ രാത്രി 9 മണി വരെയൊക്കെ കൊല്ലം ബീച്ചിൽ സമയം ചെലവഴിക്കാമായിരുന്നു. എന്നാൽ കൊവിഡ് മാറുന്നത് വരെ അത് നടക്കില്ല. സന്ധ്യയ്ക്ക് ആറ് മണിയാകുമ്പോൾ തന്നെ ബീച്ചിൽ നിന്ന് സ്ഥലം വിടണം. കൂടുതൽ പേർ ഒരുമിച്ച് കൂട്ടം കൂടിയിരിക്കുന്നത് തടയാനും ആറ് മണിയാകുമ്പോൾ മുഴുവനാളുകളെയും ഒഴിപ്പിക്കാനുമുള്ള ചുമതല പൊലീസിനാണ്.

 പാർക്കുകൾ സന്ദർശിക്കാം

ആശ്രാമം അഡ്വഞ്ചർ പാർക്കിലും ചിൽഡ്രൻസ് പാർക്കിലും സന്ദർശകരെത്തി തുടങ്ങി. ഒരേസമയം 20 പേരെ മാത്രമാണ് പ്രവേശിപ്പിക്കുന്നത്. സന്ദർശകരുടെ ശരീരോഷ്മാവ് പരിശോധിക്കുകയും പേരുവിവരം രേഖപ്പെടുത്തുന്നുമുണ്ട്.

അഷ്ടമുടിക്കായലിലെ ഹൗസ് ബോട്ടുകളിൽ ഒരേസമയം 10 പേരെ മാത്രമാണ് കയറ്റുന്നത്. ബോട്ടുകൾക്കുള്ള ഭക്ഷണം കഴിക്കാൻ അനുവാദമില്ല. ആദ്യ രണ്ട് ദിവസം പാർക്കിലും ബോട്ടുകളിലും ആളുകൾ കുറവായിരുന്നു. പക്ഷെ ഇന്നലെ ചെറിയതോതിൽ വർദ്ധനവുണ്ടായിട്ടുണ്ട്.