cpi

 ഇന്ന് ചേരുന്ന സംസ്ഥാന എക്സിക്യുട്ടീവിൽ തീരുമാനം

കൊല്ലം: സി.പി.ഐ ജില്ലാ കമ്മിറ്റിക്ക് ഇന്ന് ചേരുന്ന സംസ്ഥാന എക്സിക്യുട്ടീവ് യോഗം പുതിയ സെക്രട്ടറിയെ നിശ്ചയിച്ചേക്കും. ജില്ലാ കൗൺസിൽ, എക്സിക്യുട്ടീവ് യോഗങ്ങൾ വിളിച്ചുചേർക്കാനും അനുവാദം നൽകും.

നിലവിൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സംസ്ഥാന എക്സി. അംഗം കെ.ആർ. ചന്ദ്രമോഹന് പകരം മറ്റൊരു എക്സി. അംഗമായ മുല്ലക്കര രത്നാകരന് ജില്ലാ സെക്രട്ടറിയുടെ ചുമതല നൽകാനാണ് കൂടുതൽ സാദ്ധ്യത. അദ്ദേഹത്തിന് താല്പര്യമില്ലെങ്കിൽ ജില്ലയ്ക്ക് പുറത്തുള്ള മറ്റേതെങ്കിലും സംസ്ഥാന എക്സി. അംഗത്തിന് ജില്ലാ സെക്രട്ടറിയുടെ ചുമതല നൽകാനും സാദ്ധ്യതയുണ്ട്.

എൻ. അനിരുദ്ധനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി സംസ്ഥാന കൗൺസിൽ അംഗം ആർ. രാജേന്ദ്രനെ ജില്ലാ സെക്രട്ടറിയാക്കാൻ സംസ്ഥാന എക്സിക്യുട്ടീവ് നേരത്തെ തീരുമാനിച്ചിരുന്നു. പക്ഷെ ജില്ലാ കൗൺസിൽ ഈ നിർദ്ദേശം തള്ളി. ഇതോടെ മുല്ലക്കര രത്നാകരനെ ജില്ലാ സെക്രട്ടറിയായി സംസ്ഥാന എക്സിക്യുട്ടീവ് തീരുമാനിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മുല്ലക്കര അവധിയിൽ പ്രവേശിച്ചതോടെയാണ് കെ.ആർ. ചന്ദ്രമോഹന് ചുമതല നൽകിയത്.

 അച്ചടക്ക നടപടി മാറ്റിവച്ചേക്കും

കഴിഞ്ഞ ഫെബ്രുവരിയിൽ കൊട്ടാരക്കരയിൽ ചേർന്ന ജില്ലാ എക്സിക്യുട്ടീവിലുണ്ടായ അസ്വാഭാവിക സംഭവങ്ങളുമായി ബന്ധപ്പെട്ട അച്ചടക്ക നടപടി മാറ്റിവച്ചേക്കും. ജില്ലാ ലൈബ്രറി കൗൺസിൽ ഭാരവാഹികളെ നിശ്ചയിക്കുന്നതിന് ചേർന്ന യോഗത്തിൽ സംസ്ഥാന കൗൺസിൽ അംഗങ്ങളായ ആർ. രാജേന്ദ്രനും പി.എസ്. സുപാലും തമ്മിലുണ്ടായ തർക്കം കൈയാങ്കളിയുടെ വക്കിലേക്ക് നീങ്ങുകയായിരുന്നു. യോഗം പിരിച്ചുവിട്ടാണ് അന്ന് പ്രശ്നം അവസാനിച്ചത്. ഇതോടെ ജില്ലാ കൗൺസിൽ എക്സിക്യുട്ടീവ് യോഗങ്ങൾ ചേരുന്നത് വിലക്കിയ സംസ്ഥാന നേതൃത്വം രണ്ടുപേരോടും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. സുപാലിനെതിരെ കടുത്ത നടപടിയും ആർ. രാജേന്ദ്രന് താക്കീതും ഉണ്ടാകുമെന്നായിരുന്നു നേരത്തേയുള്ള സൂചന. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഇന്ന് പ്രശ്നം ചർച്ച ചെയ്താലും കടുത്ത നടപടികൾ തീരുമാനിച്ചേക്കില്ല. ചിലപ്പോൾ രണ്ടുപേർക്കും താക്കീത് നൽകി പ്രശ്നം അവസാനിപ്പിക്കാനും സാദ്ധ്യതയുണ്ട്.