കരുനാഗപ്പള്ളി : സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ആദ്യമായി നടപ്പിലാക്കുന്ന ദന്തൽ ചികിത്സാ പദ്ധതിയായ ഇൻഡക്ഷൻ കാസ്റ്റിംഗ് മെഷീൻ ഉൾപ്പടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ സംഘടിപ്പിച്ചു.14 ലക്ഷത്തോളം രൂപ ചെലവഴിച്ച് സ്ഥാപിച്ച ദന്തൽ ഉപകരണങ്ങൾ, ദന്തൽ ലേസർ സർജറി വിഭാഗം, നഗരസഭയുടെ വാർഷിക പദ്ധതിയിൽ നിന്നും 16 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച ലാപ്രോസ്കോപ്പി സർജറി മെഷീൻ, 68 ലക്ഷം രൂപ ചെലവിൽ സ്ഥാപിച്ച സ്വീവേജ് ട്രീറ്റ്മെൻറ് പ്ലാന്റ്, 5 ലക്ഷം രൂപ ചെലവിൽ സ്ഥാപിച്ച നാപ്കിൻ ഡയപ്പർ ഡിസ്ട്രോയർ എന്നിവയുടെയും പ്രവർത്തന ഉദ്ഘാടനമാണ് സംഘടിപ്പിച്ചത്. ആർ .രാമചന്ദ്രൻ എം.എൽ.എ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ ആർ .രവീന്ദ്രൻപിള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ശ്രീലത മുഖ്യപ്രഭാഷണം നടത്തി. ആശുപത്രി സൂപ്രണ്ട് ഡോ.തോമസ് അൽഫോൺസ്, നഗരസഭാ മുൻ അദ്ധ്യക്ഷ എം .ശോഭന, കൗൺസിലർമാരായ സി. വിജയൻ പിള്ള ,എസ് .ശക്തികുമാർ, നഗരസഭാ സെക്രട്ടറി എ .ഫൈസൽ, ആർ.എം .ഡോ.അനൂപ് കൃഷ്ണൻ, ഡോ.വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു.