koda
പുനലൂരിൽ അനവദിച്ച ജില്ല പോസ്കോ കോടതി പ്രവർത്തിക്കുന്ന ചെമ്മന്തൂരിലെ മൂന്ന് നിലയിൽ നിർമ്മാണം പൂർത്തിയായ കോർട്ട് കോംപ്ലക്സ്

പുനലൂർ: പുതിയതായി അനുവദിച്ച ജില്ലാ പോക്സോ കോടതി ഇന്ന് വൈകിട്ട് 3.30ന് ചെമ്മന്തൂരിൽ പുതിയതായി നിർമ്മിച്ച കോർട്ട് കോംപ്ലക്സിൽ കേരള ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ഓൺ ലൈനിലൂടെ നാടിന് സമർപ്പിക്കും. മന്ത്രി കെ.രാജുഅദ്ധ്യക്ഷത വഹിക്കും.കോർട്ട് കോംപ്ലക്സിന്റെ ഒന്നാമത്തെ നിലയിൽ നാളെ രാവിലെ 11മുതൽ പോക്സോ കോടതിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് പുനലൂർ ബാർ അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് ചന്ദ്രൻ, സെക്രട്ടറി ജെ.ബാഹുലേയൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ബാർ അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സബിത മോഹൻ, പി.എച്ച്.ശ്രീദേവി, അഷിത, ലിസി ജേക്കബ്, കെ.എൻ.സിനി തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഗണിച്ച്

അച്ചൻകോവിൽ, കുളത്തുപ്പുഴ, ആര്യങ്കാവ്, റോസ്മല,കറവൂർ‌, കുര്യോട്ട്മല തുടങ്ങിയ മലയോര മേഖലയിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് 85 കിലോമീറ്റർ സഞ്ചരിച്ച് വേണം ജില്ലാ ആസ്ഥാനത്തെ പോക്സോ കോടതിയിൽ എത്താൻ.ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് പുനലൂരിൽ പുതിയ ഫസ്റ്റ് ട്രാക്ക് ജില്ലാ കോടതി അനുവദിച്ചതെന്നും ഭാരവാഹികൾ അറിയിച്ചു.ജില്ലാ ജഡ്ജി എൻ.ഹരികുമാർ, പുനലൂർ നഗരസഭ ചെയർമാൻ കെ.എ.ലത്തീഫ്, എം.എ.സി.ടി.ജഡ്ജി പി.കെ.ജയകൃഷ്ണൻ, സബ് ജഡ്ജി പി.പി.പൂജ, മുനിസിഫ് വി.രാജീവ്, മജിസ്ട്രേട്ട് മാരായ അമ്പിളി ചന്ദ്രൻ, വൈ.ടി.ഷെറിൻ,പി.കെ.ജിജി മോൾ,ബാർ അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് ചന്ദ്രൻ, വൈസ് പ്രസിഡന്റ് പ്രകാശ് പണിക്കർ, സെക്രട്ടറി ജെ.ബാഹുലേയൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിക്കും. പോക്സോ കോടതിയുടെ പ്രവർത്തനം ആരംഭിക്കുന്ന മൂന്ന് നിലയുളള ചെമ്മന്തൂരിലെ കോർട്ട് കോംപ്ലക്സിന്റെ ഔദ്യോഗിക ഉദ്ഘാടനം പിന്നീട് നടക്കും.