cong

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിന് അഞ്ചുമാസം മാത്രം ശേഷിക്കെ സീറ്റുറപ്പിക്കാൻ കോൺഗ്രസിൽ ചരടുവലി സജീവമായി. സർക്കാരിനെതിരായ ആരോപണങ്ങൾ ഒന്നുകൂടി കടുപ്പിച്ചാൽ ജില്ലയിലെ പതിനൊന്ന് മണ്ഡലങ്ങളിലും വിജയിക്കാമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ.

കരുനാഗപ്പള്ളിയിൽ ഇക്കുറിയും സി.ആർ. മഹേഷിനെ സ്ഥാനാർത്ഥിയാക്കുമെന്നാണ് സൂചന. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പല കാര്യങ്ങളും യു.ഡി.എഫിന് പ്രതികൂലമായിട്ടും ചെറിയ മാർജിനിലാണ് സി.ആർ. മഹേഷ് തോറ്റത്. നിലവിലെ സാഹചര്യം അനുകൂലമായാൽ മഹേഷ് വിജയിക്കുമെന്നാണ് കണക്കുകൂട്ടൽ. മറ്റൊരു വനിതയുടെ പേരും ഇവിടെ ഉയർന്ന് കേൾക്കുന്നുണ്ട്.

കരുനാഗപ്പള്ളിയിൽ നിന്ന് സി.ആർ. മഹേഷിനെ മാറ്റിയാൽ അദ്ദേഹത്തിന് കൊല്ലം സീറ്റ് നൽകണമെന്നാണ് ചില നേതാക്കളുടെ വാദം. കഴിഞ്ഞ തവണ തോറ്റവർക്ക് ഇക്കുറി സീറ്റ് നൽകേണ്ടെന്ന നിർദ്ദേശം ചിലർ രാഹുൽ ഗാന്ധിയുടെ മുന്നിൽ വച്ചിരുന്നു. ചില കെ.പി.സി.സി നേതാക്കളും ഇക്കാര്യത്തിൽ പച്ചക്കൊടി കാട്ടിയിട്ടുണ്ട്. അങ്ങനെയെങ്കിൽ പല നേതാക്കൾക്കും ഇക്കുറി മത്സരിക്കാൻ കഴിയാതെവരും. എന്നാലിത് പ്രാവർത്തികമല്ലെന്നാണ് പല നേതാക്കളുടെയും അഭിപ്രായം. ചാത്തന്നൂർ മണ്ഡലം ഇക്കുറി യു.ഡി.എഫ് ഘടകകക്ഷി ഫോർവേഡ് ബ്ലോക്കിന് നൽകാൻ സാദ്ധ്യതയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ല. ചാത്തന്നൂരിൽ കോൺഗ്രസ് മത്സരിക്കുകയാണെങ്കിൽ മോഹൻ ശങ്കറിനെ പരിഗണിച്ചേക്കും.

 കൊല്ലത്ത് ആര്?​

കൊല്ലത്ത് കോൺഗ്രസിൽ നിന്ന് ആരെയാവും പരിഗണിക്കുകയെന്നതിനെപ്പറ്റി ഏകദേശ ധാരണ പോലുമായിട്ടില്ല. കെ.പി.സി.സി വൈസ് പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖരൻ, ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, കെ.പി.സി.സി സെക്രട്ടറി സൂരജ് രവി എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിലുള്ളത്. കഴിഞ്ഞതവണ 17,611 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് എം. മുകേഷ് സൂരജ് രവിയെ പരാജയപ്പെടുത്തിയത്. കൊല്ലം മണ്ഡലത്തിൽ മത്സരിക്കാൻ താത്പര്യമുണ്ടെന്നാണ് ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ നേതൃത്വത്തെ അറിയിച്ചത്.

 പി.സി. വിഷ്ണുനാഥ് കുണ്ടറയിൽ മത്സരിച്ചേക്കും

കുണ്ടറയിലോ കൊട്ടാരക്കരയിലോ പി.സി. വിഷ്ണുനാഥിനെ മത്സരിപ്പിക്കാനും ആലോചനയുണ്ട്. ചെങ്ങന്നൂരിനെക്കാൾ വിഷ്ണുവിന് വിജയസാദ്ധ്യതയുള്ളത് കുണ്ടറയിലാണെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. കുണ്ടറയിലും ചടയമംഗലത്തും അഡ്വ. എ. ഷാനവാസ് ഖാന്റെ പേരും പരിഗണനയിലുണ്ട്. കഴിഞ്ഞ തവണം എം.എം. ഹസൻ മത്സരിച്ച ചടയമംഗലത്ത് കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീറിന്റെ പേരും ഉയരുന്നുണ്ട്. പുനലൂർ സീറ്റ് കോൺഗ്രസുമായി വച്ചുമാറുകയാണെങ്കിൽ ചടയമംഗലം മുസ്ലീംലിഗിന് നൽകാനും സാദ്ധ്യതയുണ്ട്.