കരുനാഗപ്പള്ളി:മഴക്കാലമായാൽ കടത്തുവള്ളത്തിൽ കയറാൻ എല്ലാവർക്കും പേടിയാണ്. കായലിലെ കുത്തൊഴുക്കിനെ അതിജീവിച്ച് വേണം അക്കരെ ഇക്കരെ എത്താൻ. ഒഴുക്ക് ശക്തമായാൽ അപകടമുറപ്പാണ്. പക്ഷേ അത്യാവശ്യങ്ങൾക്ക് പോകാതിരിക്കാനാകുമോ? ഇക്കാരണംകൊണ്ടാണ് കോഴിക്കോട് പത്മനാഭൻ ജെട്ടിയിൽ ടി.എസ് കനാലിന് മീതേപാലം വേണമെന്ന് നാട്ടുകാർ പറയുന്നത്. ആലപ്പാട്ട് ഗ്രാമപഞ്ചായത്തിന്റെ തെക്കേ അറ്റമായ വെള്ളനാതുരുത്തിനെ കരുനാഗപ്പള്ളി നഗരസഭയുടെ ഭാഗമായ കോഴിക്കോടുമായി ബന്ധപ്പെടുത്താൻ പാലത്തിന് കഴിയും. കഴിഞ്ഞ അഞ്ച് പതിറ്രാണ്ടായി നാട്ടുകാർ ഈ ആവശ്യവുമായി രംഗത്തുണ്ട്. ടി.എസ്.കനാൽ ദേശീയ ജലപാത ആയതിനാൽ പാലം നിർമ്മിക്കണമെങ്കിൽ നിരവധി കടമ്പകൾ പിന്നിടണം. അതാണ് പാലത്തിന്റെ നിർമ്മാണത്തിന് തടസം നിൽക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
കായലിലൂടെ സാഹസിക യാത്ര
ഇപ്പോൾ നാട്ടുകാർക്ക് ടി.എസ് കനാലിന്റെ അക്കരെ ഇക്കരെ പോകണമെങ്കിൽ കടത്തു വള്ളം മാത്രമാണ് ആശ്രയം. ഐ.ആർ.ഇ ഏർപ്പെടുത്തിയ കടത്തു വള്ളമാണ് കടവിൽ ഉള്ളത്. ഇത് 24 മണിക്കൂറും പ്രവർത്തിക്കുന്നു. ഐ.ആർ.ഇ മൈനിംഗ് ഏരിയയിൽ ജോലിക്ക് പോകുന്ന സിവിൽ ഫോറം തൊഴിലാളികൾക്ക് വേണ്ടിയാണ് കടത്തു വള്ളം ഉപയോഗിക്കുന്നത്. നാട്ടുകാരും ഈ വള്ളത്തെയാണ് ആശ്രയിക്കുന്നത്. മഴ സീസണിലാണ് ഇതു വഴിയുള്ള കായൽ യാത്ര സാഹസമാകുന്നത്. ചെറിയ കടത്തു വള്ളത്തിൽ യാതക്കാരേയും കൊണ്ട് ടി.എസ് കനാൽ തുഴഞ്ഞ് കടക്കുന്നത് പ്രയാസകരമാണ്.
കടത്തു വള്ളത്തെ ആശ്രയിച്ച്
ആലുംപീടിക വഴി കടന്ന് വരുന്ന തീരദേശ റോഡ് അവസാനിക്കുന്നത് പത്മനാഭന്റെ ജെട്ടിയിലാണ്. വലിയഴീക്കൽ പാലത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ റോഡിന്റെ പ്രസക്തി വർദ്ധിക്കും. കെന്നഡി മെമ്മോറിയിൽ ഹയർ സെക്കൻഡറി സ്കൂൾ, കോഴിക്കോട് എസ്.എൻ.വി.എൽ.പി.എസ്. കോഴിക്കോട് ഗവ. എൽ.പി.എസ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കനാലിന് കിഴക്ക് ഭാഗത്താണ്. ആലപ്പാട്ട് ഗ്രാമപഞ്ചായത്തിന്റെ തെക്കൻ മേഖലയിൽ നിന്നും ധാരാളം കുട്ടികൾ ഈ സ്കൂളുകളിൽ പഠിക്കാനായി എത്തുന്നുണ്ട്. കാട്ടിൽ മേക്കതിൽ ക്ഷേത്രം, മൂക്കുംപുഴ ശ്രീദേവി ക്ഷേത്രം, വെള്ളനാതുരുത്ത് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, ദുർഗാദേവീ ക്ഷേത്രം തുടങ്ങിയ ആരാധനാലയങ്ങൾ കനാലിന് പടിഞ്ഞാറ് ഭാഗത്താണ്. നൂറ് കണക്കിന് ഭക്തരാണ് ദിവസവും കടത്ത് കടന്ന് ക്ഷേത്രദർശനത്തിനായി പോകുന്നത്. ഇവരെല്ലാം ആശ്രയിക്കുന്നത് ഒരു കടത്തു വള്ളത്തെയാണ്. കരുനാഗപ്പള്ളി നഗരസഭയുടെ തീരങ്ങളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികൾ അർദ്ധരാത്രിക്ക് ശേഷം മത്സ്യബന്ധനത്തിന് പോകുന്നതും കടത്തു കടന്നാണ്. 24 മണിക്കൂറും കടത്തു കടവ് സജീവമാണ്.
കരുനാഗപ്പള്ളിയുടേയും ആലപ്പാട്ടിന്റെയും തെക്കേ അറ്റത്തുള്ള മുനമ്പാണ് പത്മനാഭൻ ജെട്ടി. ഇവിടെ പാലം വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് 50 വർഷത്തിലേറെ പഴക്കമുണ്ട്. മഴക്കാലത്ത് കടത്തു വള്ളത്തിൽ അപകടം പറ്റുന്നത് പതിവാണ്. ഇതി പരിഹരിക്കാൻ വേണ്ടിയാണ് പാലം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നത്. നടപ്പാലം ആയാലും നാട്ടുകാർക്ക് പരാതിയില്ല. ഭയരഹിതമായി കായൽ മുറിച്ച് കടക്കാൻ ജനങ്ങൾക്ക് കഴിയണം. ഇതിനുള്ള തീരുമാനങ്ങൾ സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകണം.രാജേഷ്, പൊതു പ്രവർത്തകൻ: