photo
ആയൂർ-അഞ്ചൽ-പുനലൂർ സംസ്ഥാന പാതയുടെ നിർമ്മാണത്തോടനുബന്ധിച്ച് നടന്ന ശിലാസ്ഥാപനം മന്ത്രി കെ. രാജു നിർവഹിക്കുന്നു. വി. രവീന്ദ്രനാഥ്, ബീനാ ബാലചന്ദ്രൻ, മിനി സുരേഷ്, അനിലാഷാജി തുടങ്ങിയവർ സമീപം

അഞ്ചൽ: അഞ്ചൽ ബൈപാസിന്റെ അവസാനഘട്ട നിർമ്മാണവും ആയൂർ-അഞ്ചൽ -പുനലൂർ സംസ്ഥാന പാതയുടെ പുനരുദ്ധാരണവും ആരംഭിച്ചു. രണ്ട് പദ്ധതികളുടെയും ഉദ്ഘാടനം മന്ത്രി ജി. സുധാകരൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ അത്യാധുനിക നിലവാരത്തോടെയാണ് സംസ്ഥാനത്താകെ റോഡ് സഞ്ചാരയോഗ്യമാക്കുന്നതെന്ന് മന്ത്രി സുധാകരൻ പറഞ്ഞു. സംസ്ഥാന ബഡ്ജറ്റിൽ ആവശ്യത്തിന് തുക ലഭ്യമല്ലാത്തതിനാൽ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് റോഡുകൾ നിർമ്മിക്കുന്നത്. വികസനത്തിൽ പുനലൂർ മണ്ഡലം മാതൃകയാണെന്നും ഇക്കാര്യത്തിൽ സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി കെ. രാജുവിന്റെ ഇടപെടലുകൾ ശ്ലാഘനീയമാണെന്നും മന്ത്രി സുധാകരൻ പറഞ്ഞു. മന്ത്രി കെ. രാജു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷിനേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

പ്ലാസ്റ്റിക് പൊടിച്ച് റോഡ് ടാറിംഗ്

10 മീറ്റർ വീതിയിൽ 4 വരി പാത

സംസ്ഥാന പാത പത്ത് മീറ്റർ വീതിയിൽ നാല് വരിപാതയാണ് നിർമ്മിക്കുന്നത്. പ്ലാസ്റ്റിക് പൊടിച്ച് റോഡ് ടാറിംഗിന് ഉപയോഗിക്കുന്നു എന്ന പ്രത്യേകതയും ഈ റോഡുകളുടെ നിർമ്മാണത്തിലുണ്ട്. അഞ്ചൽ കുരിശിൻ മൂട്ടിൽ നിന്നും അഞ്ചൽ-പുനലൂർ റോഡിൽ ബ്ലോക്ക് ഓഫീസിന് സമീപം വരെയാണ് ബൈ പാസിന്റെ നിർമ്മാണം. പതിനഞ്ച് വർഷം മുമ്പ് എൽ.ഡി.എഫിന്റെ ഭരണ കാലത്താണ് ബൈപാസ് നിർമ്മാണം ആരംഭിച്ചത് എന്നാൽ പിന്നീട് സർക്കാർ മാറിവന്നതോടെ ആവശ്യത്തിന് ഫണ്ട് ലഭ്യമല്ലാത്തിനാൽ നിർമ്മാണം ഇഴയുകയായിരുന്നു. എന്നാൽ സ്ഥലം എം.എൽ.എ കെ. രാജു മന്ത്രി ആയതോടെയാണ് ബൈപാസ് നിർമ്മാണം ത്വരിതഗതിയിലായത്. രണ്ട് ഘട്ടം പണി പൂർത്തീകരിച്ചെങ്കിലും സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ കോടതിയുടെ മുന്നിൽ എത്തിയതിനാൽ നിർമ്മാണം തടസപ്പെടുകയായിരുന്നു. എന്നാൽ അടുത്തിടെ മന്ത്രിയും ജില്ലാ കളക്ടറും പൊതുമരാമത്ത് വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും വസ്തു ഉടമകളുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചയെ തുടർന്നാണ് വീണ്ടും നിർമ്മാണത്തിന് തുടക്കം കുറിക്കുന്നത്.

ഗതാഗത കുരുക്കിന് പരിഹാരം

ബൈപാസ് നിർമ്മാണം ഊർജ്ജിതമാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി നിർദ്ദേശം നൽകിയിട്ടുള്ളതായി മന്ത്രി കെ. രാജു പറഞ്ഞു. ബൈപാസ് പൂർത്തീകരിക്കുന്നതോടെ അഞ്ചൽ പട്ടണത്തിലെ ഗതാഗത കുരുക്കിന് പരിഹാരം ഉണ്ടാകും. ആയൂർ-അഞ്ചൽ-പുനലൂർ ദേശീയപാതയുടെ നിർമ്മാണത്തിന് 123.37കോടി രൂപയാണ് കിഫ്ബിയിൽ നിന്നും അനുവദിച്ചിട്ടുള്ളത്. ഇതിൽ ആദ്യഘട്ടത്തിൽ 81.22 കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.

ആദ്യഘട്ടത്തിൽ രണ്ട് വരിപാതയാണ് നിർമ്മിക്കുന്നത് എന്നാൽ രണ്ടാം ഘട്ടത്തിൽ നാല് വരി പാത നിർമ്മിക്കുന്നതിനാണ് അനുമതി ലഭിച്ചിട്ടുള്ളത്. ആധുനിക രീതിയിൽ നിർമ്മിക്കുന്ന റോഡുകൾ വരുംതലമുറയ്ക്കും പ്രയോജനമാകുകയും ദീർഘകാലം നിലനിൽക്കുകയും ചെയ്യുന്ന തരത്തിലാണ് നിർമ്മിക്കുന്നത്.

മന്ത്രി കെ. രാജു