kacha

കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിന് ജില്ലയിലെ സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണയ കമ്മിറ്റി നിലവിൽ വന്നു. ജില്ലയ്ക്ക് മൊത്തമായും കോർപ്പറേഷന് പ്രത്യേകിച്ചും കമ്മിറ്റിയുണ്ട്. രണ്ട് കമ്മിറ്റിയുടെയും കൺവീനർ ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണയാണ്.

ജില്ലാ കമ്മിറ്റിയിൽ എട്ടും കോർപ്പറേഷൻ കമ്മിറ്റിയിൽ ഏഴുപേരുമാണുള്ളത്. ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവിടങ്ങളിലെ സ്ഥാനാർത്ഥികളെ നിർണയിക്കുന്നതിൽ അന്തിമ തീരുമാനമെടുക്കുക ഈ കമ്മിറ്റിയാണ്.
ജില്ലാതല കമ്മിറ്റിയിൽ കൊടിക്കുന്നിൽ സുരേഷ്, കെ.സി.രാജൻ, എഴുകോൺ നാരായണൻ, പുനലൂർ മധു, പ്രയാർ ഗോപാലകൃഷ്ണൻ, എ. ഷാനവാസ് ഖാൻ, എ.കെ.ഹഫീസ് എന്നിവരാണ് അംഗങ്ങൾ.
കോർപ്പറേഷൻ കമ്മിറ്റിയിൽ പ്രൊഫ. ഇ മേരീദാസൻ, പ്രതാപ വർമ്മ തമ്പാൻ, ബേബിസൺ, പി.ആർ. പ്രതാപചന്ദ്രൻ, ഉദയ സുകുമാരൻ, ജയ്ൻ അൻസിൽ ഫ്രാൻസിസ് എന്നിവരുമാണ് അംഗങ്ങൾ.
ഘടകകക്ഷികളുമായുള്ള ഉഭയ കക്ഷി ചർച്ചകൾ തീർന്നാലുടൻ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. വാർഡ് കമ്മിറ്റികളുടെ അഭിപ്രായത്തിന് പരിഗണന നൽകിയാവും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക.