97 പേരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി
കൊല്ലം: കുരീപ്പുഴ ചണ്ടി ഡിപ്പോയിൽ നഗരസഭ സ്ഥാപിക്കുന്ന സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ സർവേയ്ക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ സംഘം ചേർന്നുതടഞ്ഞു. പ്രതിഷേധം ശക്തമായതോടെ പ്രദേശവാസികളെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
പദ്ധതിയുടെ നിർവഹണ ഏജൻസിയായി വാട്ടർ അതോറിറ്റിയിലെ ഉദ്യോഗസ്ഥർ സ്ഥലം വേർതിരിക്കുന്നതിന് കല്ലിടാൻ ഇന്നെത്തുമെന്ന് നാട്ടുകാർക്ക് നേരത്തേ വിവരം ലഭിച്ചിരുന്നു. കുരീപ്പുഴ മനുഷ്യാവകാശ പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേൃത്വത്തിൽ പുലർച്ചെ അഞ്ച് മണിയോടെ തന്നെ സ്ഥലത്ത് നാട്ടുകാർ സംഘടിച്ചിരുന്നു. പൊലീസ് നാട്ടുകാർക്ക് മുൻപേ സ്ഥലത്തെ ത്തി ബാരിക്കേഡ് സ്ഥാപിച്ചു. പത്തരയോടെ വാട്ടർ ഉദ്യോഗസ്ഥരെത്തിയപ്പോൾ പ്രദേശവാസികൾ മുദ്രാവാക്യം മുഴക്കി. എതിർപ്പ് അവഗണിച്ച് അതിർത്തി കല്ലിടൽ ആരംഭിച്ചതോടെ ജനങ്ങൾ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചു. ഇതോടെ സ്ഥലത്തുണ്ടായിരുന്ന 97 പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ഈസ്റ്റ് സ്റ്റേഷനിലെത്തിച്ച ഇവരെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വിട്ടയച്ചത്. ഇതിനിടെ ഉദ്യോഗസ്ഥർ സ്ഥലത്ത് കല്ലിട്ടതിന് ശേഷം പദ്ധതിയുടെ ബോർഡും സ്ഥാപിച്ചു. കുരീപ്പുഴ മനുഷ്യാവകാശ പരിസ്ഥിതി സംരക്ഷണ സമിതി പ്രസിഡന്റ് എൻ. സത്യപാലൻ, സെക്രട്ടറി മണലിൽ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
നഗരസഭയുടെ പദ്ധതി
നഗരത്തിലെ മലിനജലം പൈപ്പുകൾ വഴി കുരീപ്പുഴയിലെത്തിച്ച് സംസ്കരിക്കുന്നതാണ് നഗരസഭയുടെ പദ്ധതി. നേരത്തേ ഇവിടെ കാക്കൂസ് മാലിന്യ സംസ്കരണ പ്ലാന്റ് നഗരസഭ സ്ഥാപിച്ചിരുന്നു. ജനകീയ എതിർപ്പിനെ തുടർന്ന് പ്ലാന്റ് പ്രവർത്തിച്ചില്ല. പ്ലാന്റിനെതിരെ അന്ന് നാട്ടുകാർ ഹരിതട്രൈബ്യൂണലിൽ നൽകിയ ഹർജിയിൽ ഇതുവരെ തീർപ്പായിട്ടില്ല.
നടന്നത് പൊലീസ് രാജ്: ബി.ജെ.പി
കൊല്ലം: മാലിന്യപ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കുരീപ്പുഴയിൽ നടന്നത് പൊലീസ് രാജാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ പറഞ്ഞു. പ്രദേശവാസികളെ വിശ്വാസത്തിലെടുക്കാതെയാണ് പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നത്. കോർപ്പറേഷൻ ഭരണം അവസാനിക്കുന്ന സമയത്ത് പദ്ധതി നടപ്പാക്കാനുള്ള ശ്രമത്തിന് പിന്നിൽ അഴിമതിയാണ്. പുലർച്ചെ നിരോധനാഞ്ജ പ്രഖ്യാപിച്ച് നൂറു കണക്കിന് പൊലീസിനെ ഇറക്കിയാണ് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സ്ത്രീകളെയടക്കം അറസ്റ്റ് ചെയ്തത് മനുഷ്യാവകാശ ലംഘനമാണ്. സംഭവത്തിൽ ബി.ജെ.പി ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് കുരീപ്പുഴ ചണ്ടി ഡിപ്പോ സന്ദർശിച്ച് അദ്ദേഹം പറഞ്ഞു. മണ്ഡഡലം പ്രസിഡന്റ് സാം രാജ്, ശൈലേന്ദ്ര ബാബു, ദിനേശ്, ശിവകുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.
സ്ഥലത്ത് കൂട്ടംകൂടിയവർക്കെതിരെ നിരോധനാജ്ഞ ലംഘിച്ചതിന് കേസെടുത്തു.
വെസ്റ്റ് പൊലീസ്