കൊല്ലം: അർദ്ധരാത്രിയിൽ റോഡരികിൽ നിറുത്തിയിട്ടിരുന്ന ലോറിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. കൊട്ടാരക്കര താഴത്തുകുളക്കട അരുൺ ഭവനത്തിൽ ശശിധരൻ നായരുടെയും സരസ്വതി അമ്മയുടെയും മകൻ അരുൺകുമാറാണ് (29) മരിച്ചത്.
എം.സി റോഡിൽ കുളക്കട പുത്തൂർമുക്കിനും കലയപുരത്തിനുമിടയിൽ ചൊവ്വാഴ്ച രാത്രി 11.30നായിരുന്നു അപകടം. വിദേശത്തുനിന്നെത്തിയ അരുൺകുമാർ കൊവിഡിനെ തുടർന്ന് മടങ്ങിപ്പോകാൻ കഴിയാതെ വന്നപ്പോൾ പെരുംകുളത്തിന് സമീപം കോഴിക്കട തുടങ്ങിയിരുന്നു. ഇവിടെനിന്ന് രാത്രി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.
റബർ കയറ്റിവന്ന ലോറിയുടെ മുൻഭാഗത്തേക്കാണ് അരുണിന്റെ ബൈക്ക് ഇടിച്ചുകയറിയതെന്ന് പൊലീസ് പറയുന്നു. ഭാര്യ: രാജലക്ഷ്മി. മൂന്നുമാസം പ്രായമുള്ള ആരവ് ഏക മകനാണ്.