പ്രഖ്യാപനങ്ങൾ പൊള്ളയെന്ന് ബി.ജെ.പി
കൊല്ലം: ചവറ നിയമസഭാ മണ്ഡലത്തിലെ നാല് പഞ്ചായത്തുകളിലായി വ്യാപിച്ച് കിടക്കുകയാണ് ജില്ലാ പഞ്ചായത്തിന്റെ തേവലക്കര ഡിവിഷൻ. തേവലക്കര, തെക്കുംഭാഗം പഞ്ചായത്തുകൾ പൂർണമായും പന്മന പഞ്ചായത്തിന്റെ പകുതിയോളം ഭാഗവും ചവറ പഞ്ചായത്തിന്റെ മൂന്ന് വാർഡുകളും ചേരുന്നതാണ് തേവലക്കര ഡിവിഷൻ.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജില്ലയിലാകെ അനുഭവപ്പെട്ട ഇടത് തരംഗത്തെ മറികടന്നാണ് യു.ഡി.എഫിന്റെ ബി. സേതുലക്ഷ്മി വിജയിച്ചത്. 26 ജില്ലാ പഞ്ചായത്തിലെ മൂന്ന് കോൺഗ്രസ് അംഗങ്ങളിൽ ഒരാളാണ് സേതുലക്ഷ്മി. പരമാവധി വികസനം നടപ്പാക്കാൻ കഴിഞ്ഞുവെന്ന് യു.ഡി.എഫ് അവകാശപ്പെടുമ്പോൾ അടിസ്ഥാന ശ്രദ്ധ പോലും തേവലക്കരയ്ക്ക് ലഭിച്ചില്ലെന്നാണ് പ്രതിപക്ഷ വിമർശനം. എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾക്കൊപ്പം ശക്തമായ മത്സരത്തിന് ബി.ജെ.പിയും ഇത്തവണ തേവലക്കരയിൽ തയ്യാറെടുക്കുകയാണ്.
ഭരണപക്ഷം
1. ഡിവിഷനിലെ സർക്കാർ ഹൈസ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങൾ മികച്ചതാക്കി
2. റോഡ് നിർമ്മാണവും നവീകരണവും പൂർത്തീകരിച്ചു
3. വിവിധ ഭാഗങ്ങളിൽ ഓട നിർമ്മാണവും പൂർത്തീകരണവും
4. നാലുപേർക്ക് മോട്ടോർ ഘടിപ്പിച്ച വീൽ ചെയറുകൾ
5. അംഗപരിമിതരായ 25 പേർക്ക് സ്കൂട്ടർ
6. വായനശാലകൾക്ക് ലാപ്ടോപ്പ്, പ്രൊജക്ടർ, യൂത്ത് ക്ലബുകൾക്ക് സ്പോർട്ട്സ് കിറ്റുകൾ
7. തെക്കുംഭാഗത്തെ പട്ടികജാതി കോളനിയുടെ വികസനത്തിന് 21 ലക്ഷം
8. കാർഷിക മേഖലയിൽ പമ്പ് സെറ്റുകൾ, വിവിധ സംഘങ്ങൾക്ക് സഹായം
9. തേവലക്കര പഞ്ചായത്തിൽ കുടിവെള്ള പദ്ധതി
10. പന്മന, തേവലക്കര പഞ്ചായത്തുകളിലെ പത്ത് കുടുംബങ്ങൾക്ക് ആടുകൾ
ബി.സേതുലക്ഷ്മി
തേവലക്കര ജില്ലാ പഞ്ചായത്തംഗം, കോൺഗ്രസ്
പ്രതിപക്ഷം
1. റോഡ് നിർമ്മാണവും നവീകരണവും നടത്തിയതേയില്ല
2. അഞ്ചുവർഷവും ജില്ലാ പഞ്ചായത്തംഗത്തിന്റെ സേവനം ഡിവിഷനിൽ ലഭിച്ചില്ല
3. കൊവിഡ് കാലത്ത് പോലും ജനങ്ങളെ സഹായിച്ചില്ല
4. പട്ടികജാതി മേഖലയിലെ വികസനത്തിന് ശ്രദ്ധ ചെലുത്തില്ല
5. അടിസ്ഥാന ജനവിഭാഗത്തെ പരിഗണിച്ചതേയില്ല
6. കാർഷിക മേഖലയിൽ നൽകാമായിരുന്ന സഹായം പോലുമുണ്ടായില്ല
7. ജില്ലാ പഞ്ചായത്തിന്റെ പൊതു പദ്ധതികളല്ലാതെ ഡിവിഷനിൽ പ്രത്യേകിച്ചൊന്നുമെത്തിയില്ല
8. ആരോഗ്യ, വിദ്യാഭ്യാസ മേഖലയിൽ മേൽനോട്ടത്തിന് ആളുണ്ടായില്ല
9. വികസന പിന്നാക്കാവസ്ഥ ജനങ്ങൾക്ക് മുന്നിൽ ചർച്ചയാക്കും
10. വികസനം മുഖ്യ അജണ്ടയാക്കി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തും
അജയകുമാർ ചേനങ്കര
ബി.ജെ.പി ചവറ മണ്ഡലം പ്രസിഡന്റ്