പുനലൂർ:കൊവിഡ് വ്യാപനങ്ങളെ തുടർന്ന് എട്ട് മാസം മുമ്പ് അടച്ചിട്ടിരുന്ന പാലരുവി വെള്ളച്ചാട്ടവും ഇതിനോട് ചേർന്ന് 65 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച പാലരുവി ഇക്കോ ടൂറിസം സെന്ററും നാളെ ഉച്ചക്ക്12.30ന് സ്ഥലം മന്ത്രി കെ.രാജു വിനോദ സഞ്ചാരികൾക്കായി തുറന്ന് നൽകും.
ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് ആർ.പ്രദീപ് ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.എൻ.കെ.പ്രേമചന്ദ്രൻ എം.പി.മുഖ്യപ്രഭാക്ഷണം നടത്തും.അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗം കെ.ആർ.ഷീജ, ആര്യങ്കാവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത ഓമനക്കുട്ടൻ,ഫോറസ്റ്റ് പ്രിൻസിപ്പൽ ചീഫ് കൺസർവേട്ടർ പി.കെ.കേശവൻ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ പി.കെ.സുരേന്ദ്രകുമാർ, പ്രിൻസിപ്പൽ ചീഫ് കൺസർവേട്ടർ ഒഫ് ഫോറസ്റ്റ്പ്ലാനിംഗ് ആൻഡ് ഡവലപ്പ്മെന്റ് ഡി.കെ.വർമ്മ, സതേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേട്ടർ സഞ്ജയൻ കുമാർ തുടങ്ങിയ നിരവധി പേർ ചടങ്ങിൽ സംസാരിക്കും.

ഒരുദിവസം 100 പേർക്ക് പ്രവേശനം

പാലരുവി ഇക്കോ ടൂറിസം അധികൃതരുടെ വാഹനത്തിലാണ് ജലപാതത്തിലേക്ക് സഞ്ചാരികളെ കൊണ്ടുപോകുന്നത്. ടിക്കറ്റ് നിരക്കിൽ മാറ്റംവരുത്തിയിട്ടില്ല. ഒരുദിവസം നൂറുപേർക്ക് മാത്രമാണ് പ്രവേശനം. ജലപാതത്തോട് ചേർന്ന് പുതിയ അക്ഷയ ഈ-സർവീസ് സെന്റർ, പാലരുവിയിലെ തേക്ക് പ്ലാന്റേഷനായ ബോർഡി ലോൺസ് പ്ലോട്ട്, പഴയ വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കൽ തുടങ്ങിയ ബൃഹത്തായപദ്ധതിയുടെ നിർമ്മാണ ജോലികളാണ് പാലരുവി ഇക്കോ ടൂറിസം മേഖലയിൽ പൂർത്തിയാക്കിയിരിക്കുന്നത്.

ബോർഡി ലോൺസ് പ്ലോട്ട്

പരമ്പരാഗത രീതിയിൽനിന്ന് വ്യത്യസ്തമായി ലോകത്തിൽ ആദ്യമായി സ്​റ്റമ്പിലൂടെ(കുറ്റിത്തെ) തേക്ക് തൈകൾ ഉണ്ടാക്കിയ ബോഡി ലോൺ സായിപ്പിന്റെ ഓർമ്മയ്ക്കായി വനം വകുപ്പ് സ്ഥാപിച്ചതാണ് ഈ പ്ലോട്ട്. ഈ പ്ലോട്ടിലാണ് സായിപ്പിെന്റെ നേതൃത്വത്തിൽ സ്​റ്റമ്പ് തൈകൾ കിളിർപ്പിച്ചെടുത്തത്.പതിറ്റാണ്ടുകൾക്ക് മുമ്പ് ആദ്യമായി കിളിർപ്പിച്ചെടുത്ത തൈകൾ ഇന്ന് കൂറ്റൻ തേക്ക് മരമായി.

കുളിക്കാൻ അനുമതിയില്ല

ആരോഗ്യ വകുപ്പിന്റെ കർശന നിർദ്ദേശത്തെ തുടർന്ന് ജല പാതം സന്ദർശിക്കാൻ പാലരുവിയിൽ എത്തുന്ന ടൂറിസ്റ്റുകൾക്ക് കുളിക്കാനുള്ള അനുമതിയില്ലെന്ന് ആര്യങ്കാവ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ അബുജു അറിയിച്ചു.