kacha

കൊല്ലം: സ്ഥാനാർത്ഥി നിർണയം ഏതാണ്ട് പൂർത്തിയായതോടെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം സജീവമായി. യു.ഡി.എഫും ബി.ജെ.പിയും ഭൂരിപക്ഷം ഗ്രാമപഞ്ചായത്ത് വാർഡുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. തർക്കം നിലനിൽക്കുന്ന വാർഡുകളിൽ മാത്രമാണ് ഇനി ഉപരി കമ്മിറ്റി ഇടപെടൽ വേണ്ടത്.

സ്ഥാനാർത്ഥികളുടെ ചിത്രങ്ങൾ പതിച്ച ഫ്ളക്‌സ് ബോർ‌ഡുകൾ, പോസ്റ്ററുകൾ എന്നിവ പ്രധാന വഴികളിലെല്ലാം നിരന്നു. ചുവരെഴുത്തുകളും സജീവമായി. എൽ.ഡി.എഫിൽ സി.പി.എമ്മിന്റെ ഗ്രാമപഞ്ചായത്ത് വാർഡുകളിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച് അനൗദ്യോഗിക തീരുമാനമായി. വൈകാതെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

സി.പി.ഐ സ്ഥാനാർത്ഥികളെ സംബന്ധിച്ചും ധാരണയായി. ബ്ലോക്ക് - ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ സ്ഥാനാർത്ഥികളെ സംബന്ധിച്ച് വ്യക്തതയായിട്ടില്ല. സ്ഥാനാർത്ഥികളാകാൻ ആഗ്രഹിക്കുന്നവർ ഡിവിഷനുകൾ കേന്ദ്രീകരിച്ച് പരിചയം പുതുക്കലുകൾ നടത്തുകയാണ്. ഗ്രാമപഞ്ചായത്ത് വാർഡുകളിൽ മുൻകൂട്ടി പ്രഖ്യാപിച്ച സ്ഥാനാർത്ഥികൾ ആദ്യ റൗണ്ട് പ്രചാരണം പൂർത്തിയാക്കി.

വാർഡിലെ പ്രധാന വ്യക്തികൾ, മറ്റ് വോട്ടർമാരിൽ സ്വാധീനം ചെലുത്താൻ കഴിയുന്നവർ, വിവിധ മത സാമുദായിക നേതാക്കൾ, കലാകായിക സമിതികളുടെ ഭാരവാഹികൾ, വായനശാലാ ഭാരവാഹികൾ, ഗ്രന്ഥശാലാ പ്രവർത്തകർ, ആരാധനാലയങ്ങളുടെ ഭാരവാഹികൾ തുടങ്ങിയവരെ നേരിൽ കണ്ട് ഇവർ വോട്ട് അഭ്യർത്ഥനയും പ്രചാരണവും നടത്തി.

നേരിൽ കാണാൻ കഴിയുന്ന പരമാവധി വോട്ടർമാരെ സമീപിച്ചും ഫോണിൽ വിളിച്ചും പ്രചാരണത്തിലെ ആദ്യമുന്നേറ്റം നടത്താൻ ഇവർക്കായി. എന്നാൽ ഇതിനെയെല്ലാം ദിവസങ്ങൾക്കുള്ളിൽ മറികടക്കാൻ കഴിയുമെന്നാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാത്ത മുന്നണികളുടെ ആത്മവിശ്വാസം.