dog

 ഉദ്ഘാടം ഇന്ന് വൈകിട്ട്

കൊല്ലം: മാസങ്ങളായി മുടങ്ങിക്കിടന്ന തെരുവുനായ പ്രജനന നിയന്ത്രണ പദ്ധതിക്ക് വീണ്ടും ജീവൻവയ്ക്കുന്നു. കൊല്ലം ജില്ലാ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിക്ക് അരക്കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
ഇപ്പോഴത്തെ കണക്കനുസരിച്ച് ജില്ലയിൽ 74,416 തെരുവുനായ്ക്കളും 70,744 വളർത്തുനായ്ക്കളുമുണ്ട്.
ഇന്നാരംഭിക്കുന്ന ജില്ലാ പഞ്ചായത്ത് പദ്ധതിക്കായി എട്ട് വെറ്ററിനറി സർജൻമാർ, 32 ഡോഗ് ഹാന്റ്ലർമാർ എന്നിവരെ നിയമിച്ചു. ഗ്രാമപഞ്ചായത്തുകളാണ് അടിസ്ഥാന സൗകര്യം ഒരുക്കേണ്ടത്. ഓച്ചിറ, പന്മന, പിറവന്തൂർ, കരവാളൂർ, പത്തനാപുരം, കരീപ്ര ചിതറ, പൂതക്കുളം, ആദിച്ചനല്ലൂർ, ഇളമ്പള്ളൂർ, ഉമ്മന്നൂർ പഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുക.

130 നായ്ക്കളെ വന്ധ്യംകരിക്കാൻ ഒരു ലക്ഷം രൂപയാണ് ചെലവാകുക. തെരുവിൽ നിന്ന് പിടികൂടുന്ന നായ്ക്കളെ വന്ധ്യംകരണത്തിന് ശേഷം ആന്റിബയോട്ടിക്കുകൾ നൽകി മുറിവുണക്കി പേവിഷ പ്രതിരോധ കുത്തിവയ്പ്പും നൽകിയശേഷം പിടികൂടിയ സ്ഥലത്തുതന്നെ തിരികെവിടും.
ഇന്ന് വൈകിട്ട് 3.30ന് കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി.കെ.രാജു ഉദ്ഘാടനം നിർവഹിക്കും. ജി.എസ്. ജയലാൽ എം.എൽ.എ അദ്ധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി മുഖ്യാതിഥിയാകും.

വകയിരുത്തിയത്: 50 ലക്ഷം

തെരുവുനായ്ക്കൾ: 74,416

വളർത്തുനായ്ക്കൾ: 70,744

 വന്ധ്യംകരണ ചെലവ്

130 നായ്ക്കൾക്ക്: 1 ലക്ഷം

''

ഭക്ഷണാവശിഷ്ടങ്ങൾ തെരുവിൽ വലിച്ചെറിയുന്നതും വളർത്തുനായ്ക്കളെ ഉപേക്ഷിക്കുന്നതും ജനന നിയന്ത്രണ ശസ്ത്രക്രിയകൾ തടർച്ചയായി നടപ്പാക്കാത്തതുമാണ് തെരുവുനായ്ക്കളുടെ എണ്ണം വർദ്ധിക്കാൻ കാരണം.

ഡോ. ഡി. ഷൈൻ കുമാർ

ജില്ലാ എ.ബി.സി കോ ഓർഡിനേറ്റർ