കൊല്ലം: കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ ഇനി സ്കൂളുകളിലേക്ക് പോകാം. നഗരത്തിലെ അഞ്ച് സ്കൂളുകളിലാണ് കുടിവെള്ള ഗുണനിലവാര പരിശോധനാ ലാബ് സ്ഥാപിക്കുക. തട്ടാമല സ്കൂളിൽ ക്ലാസ് പുനരാരംഭിക്കുമ്പോൾ തന്നെ ലാബും തുറക്കും.
കേരള ഇറിഗേഷൻ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്മെന്റ് കോർപ്പറേഷനാണ് (കെ.ഐ.ഐ.ഡി.സി) ലാബ് സ്ഥാപിക്കാനുള്ള ചുമതല. ഹരിത കേരള മിഷനാണ് പദ്ധതിയുടെ നടത്തിപ്പ്. സ്കൂളുകളിലെ കെമിസ്ട്രി ലാബിലാണ് കുടിവെള്ള ലാബും സജ്ജമാക്കുന്നത്. ആദ്യഘട്ടത്തിൽ പരിസരത്തെ വീടുകളിലെത്തി കുട്ടികൾ തന്നെ സാമ്പിൾ ശേഖരിക്കാനും ആലോചനയുണ്ട്. സ്കൂളിലെ ഒരു കെമസ്ട്രി അദ്ധ്യാപകനും അഞ്ച് സയൻസ് വിദ്യാർത്ഥികൾക്കും പരിശോധനയിൽ പരിശീലനം നൽകും. ഇവർ ബാക്കി കുട്ടികളെ പരിശീലിപ്പിക്കും.
ലാബ് സ്ഥാപിക്കുന്ന സ്കൂളുകൾ
തട്ടാമല ഗവ.വി.എച്ച്.എസ്.എസ്, കൊല്ലം ബോയ്സ്, അഞ്ചാലുംമൂട് എച്ച്.എസ്.എസ്, കടപ്പാക്കട ടി.കെ.ഡി.എം എച്ച്.എസ്.എസ്, വള്ളിക്കീഴ് ഗവ.എച്ച്.എസ്.എസ്
പരിശോധന സൗജന്യമാകാം
പരമാവധി സൗജന്യമായി പരിശോധിച്ച് പലം നൽകാനുള്ള ശ്രമമാണ് നടക്കുന്നത്. ഏകദേശം 60 രൂപയാണ് ഒരു പരിശോധനാ കിറ്റിന്റെ വില. ഇത് തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ലാബുകൾക്ക് വാങ്ങി നൽകാനുള്ള ശ്രമമാണ് നടക്കുന്നത്. അത് സാധിച്ചില്ലെങ്കിൽ 60 രൂപ ഫീസ് ഈടാക്കും.
പ്രവർത്തനം
തിങ്കൾ മുതൽ വ്യാഴം വരെ ലാബിൽ സാമ്പിൾ ശേഖരിക്കും. വെള്ളിയാഴ്ച പരിശോധന നടത്തി തിങ്കളാഴ്ച ഫലം ലഭ്യമാക്കും.
'' ഇപ്പോൾ അടഞ്ഞുകിടക്കുന്ന സ്കൂളുകൾ തുറക്കുമ്പോൾ തന്നെ ലാബും തുറക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ലാബ് സജ്ജമായ ശേഷം പരിശോധനയ്ക്കുള്ള കിറ്റിനുള്ള പണം വകയിരുത്താൻ തദ്ദേശ സ്ഥാപനങ്ങളെ സമീപിക്കും.''
ഐസക് (ഹരിതകേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ)