പൊലീസ് ഇടപെട്ട് പിന്തിരിപ്പിച്ചു
കൊട്ടിയം: കിളികൊല്ലൂർ പള്ളിമുക്കിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധനയ്ക്കെത്തിയ സെക്ടറൽ മജിസ്ട്രേറ്റിന്റെ സംഘത്തിനെതിരെ പ്രതിഷേധവുമായി വ്യാപാരികൾ സംഘടിച്ചു. സെക്ടറൽ മജിസ്ട്രേറ്റുമാർ പരിശോധനയുടെ മറവിൽ അന്യായമായി പിഴ ചുമത്തുകയും കേസെടുക്കുകയുമാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലൂർവിള പള്ളിമുക്ക് യൂണിറ്റിന്റെ നേതൃത്വത്തിലെത്തിയ വ്യാപാരികൾ അനാവശ്യ കാരണങ്ങൾ കാട്ടി പിഴ ചുമത്തുന്നത് നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. സെക്ടറൽ മജിസ്ട്രേറ്റിനൊപ്പമുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ വിവരം അറിയിച്ചതിനെ തുടർന്ന് ഇരവിപുരം പൊലീസ് സംഘം സ്ഥലത്തെത്തി വ്യാപാരികളുമായി ചർച്ച നടത്തിയതിന് ശേഷമാണ് വ്യാപാരികൾ പിരിഞ്ഞുപോയത്.
യൂണിറ്റ് പ്രസിഡന്റ് അൻസാരി, സെക്രട്ടറി ഷാനവാസ്, ആഷിക്ക് സൂപ്പി, ഷാജി, നിസാർ സ്വലേ, നാസർ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.