പുനലൂർ: നഗരസഭ പ്രദേശങ്ങളിൽ റിംഗ് കമ്പോസ്റ്റ് പദ്ധതി സ്ഥാപിക്കുന്നതിൽ വ്യാപകമായ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ കൗൺസിലർമാരുടെ പരാതിയെ തുടർന്ന് പുനലൂർ നഗരസഭ കാര്യലയത്തിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി.പദ്ധതി നടത്തിപ്പിന്റെ ടെന്ററിൽ ഏറ്റവും കുറഞ്ഞ തുക എഴുതിയ കരാറുകാരനെ ഒഴിവാക്കി പകരം കൂടുതൽ തുകയ്ക്ക് സർക്കാർ ഏജൻസിക്ക് പണികൾ നൽകിയെന്ന് ആരോപിച്ചാണ് വിജിലൻസിന് പരാതി ലഭിച്ചതെന്ന് വിജിലൻസ് വിഭാഗം ഡിവൈ.എസ്.പി കെ.അശോകൻ പറഞ്ഞു. കൗൺസിൽ തീരുമാന പ്രകാരമാണ് സർക്കാർ ഏജൻസിക്ക് പണികൾ നൽകിയതെന്നും പരിശോധക സംഘം കണ്ടെത്തി.എന്നാൽ തുടർന്ന് നടത്തിയ പരിശോധനയിൽ പദ്ധതി നടത്തിപ്പ് സർക്കാരിന്റെ പരിഗണക്ക് വിട്ടിരിക്കുകയാണെന്നും കണ്ടെത്തി.സുതാര്യതയോട് കൂടി പണികൾ ആരംഭിക്കാൻ വേണ്ടി പദ്ധതി നടത്തിപ്പ് ഇപ്പോൾ പൂർണമായും നിറുത്തിവച്ചിരിക്കുകയാണെന്നും ഡിവൈ.എസ്.പി.പറഞ്ഞു.ഫണ്ട് ചെലവഴിച്ചിട്ടില്ലെന്നും വിജിലൻസ് വിഭാഗം കണ്ടെത്തി.ഇന്നലെ രാവിലെ 11ന് ആരംഭിച്ച പരിശോധന വൈകിട്ട് 5.15 വരെ തുടർന്നു.തഹസീൽദാർ കുമാരി, വിജിലൻസ് വിഭാഗം എസ്.ഐമാരായ ഹരികുമാർ,ജയഘോഷ്, നവാസ്, ബാബുകുട്ടൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.