dog-

 സ്‌ഫോടക വസ്തുക്കൾ മണത്തുപിടിക്കാൻ പ്രത്യേക പരിശീലനം

കൊല്ലം: സിറ്റി കെ 9 സ്‌ക്വാഡ് ശ്വാനസേനയിൽ കരുത്തിന്റെയും അന്വേഷണ മികവിന്റെയും അടയാളമായി ഇനി പെന്നിയുണ്ടാകും. സ്‌ഫോടക വസ്തുക്കൾ മണത്ത് പിടിക്കാൻ പ്രത്യേക പരിശീലനം നേടിയാണ് പെന്നി എത്തുന്നത്. തമിഴ്‌നാട്ടിലെ ചിപ്പിപ്പാറ ഇനത്തിൽപ്പെട്ട പെന്നിക്ക് പ്രായം ഒരു വയസ്.

ബുദ്ധിയും അനുസരണയും ആരോഗ്യവും ഈ ഇനത്തിലെ നായകളുടെ സവിശേഷതകളാണ്. രാജ്യത്തെ വിവിധ പൊലീസ് സേനകളിലും സൈന്യത്തിലും ഇവർ സേവനം അനുഷ്ഠിക്കുന്നുണ്ട്.

തൃശൂരിലെ കേരളാ പൊലീസ് അക്കാഡമിയിലായിരുന്നു പെന്നിയുടെ ഒൻപത് മാസം നീണ്ട പരിശീലനം. കഴിഞ്ഞ മാസം 23നാണ് സേനയുടെ ഭാഗമായത്.

കഴിഞ്ഞ ദിവസമാണ് കൊല്ലം സിറ്റി പൊലീസിനൊപ്പമെത്തിയത്. സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുമിത്ത്, ശ്രീജു എന്നിവരാണ് സ്‌ക്വാഡിൽ പെന്നിക്ക് പരിശീലനവും സംരക്ഷണവും നൽകുന്നത്.

 തദ്ദേശിയ ഇനത്തിലെ ശ്വാനൻ ആദ്യം

ഇതാദ്യമായാണ് കൊല്ലം സിറ്റി പൊലീസ് ശ്വാനസേനയിൽ തദ്ദേശിയ വിഭാഗത്തിൽപ്പെട്ട ഒരു ശ്വാനൻ എത്തിയത്. നിലവിൽ കെ 9 സ്‌ക്വാഡിൽ ട്രാക്കർ വിഭാഗത്തിൽ പരിശീലനം നേടിയ അമ്മു, മയക്കുമരുന്ന് മണത്ത് കണ്ടുപിടിക്കുന്ന തണ്ടർ, സ്‌ഫോട വസ്തുക്കൾ കണ്ടെത്താൻ വിദഗ്ദ്ധയായ റാണി എന്നിവരും കൂടിയുണ്ട്. പെന്നി കൂടി എത്തിയതോടെ കൊല്ലം സിറ്റി പോലീസിന്റെ കെ 9 സ്‌ക്വാഡ് ഏത് വിഭാഗത്തിൽപ്പെട്ട കുറ്റകൃത്യങ്ങളും കണ്ടുപിടിക്കാൻ കഴിയുന്ന തരത്തിലേക്ക് ശേഷി വർദ്ധിച്ചു.

''

ബെൽജിയം മാലനോയ്‌സ് ഇനത്തിൽപ്പെട്ട ഒരു നായ കൂടി പരിശീലനം പൂർത്തിയാക്കി വൈകാതെ കൊല്ലം സിറ്റി കെ 9 സ്‌ക്വാഡിന്റെ ഭാഗമാകും.

ടി.നാരായണൻ

സിറ്റി പൊലീസ് കമ്മിഷണർ