ആറ് ലക്ഷം രൂപ ചെലവഴിച്ചാണ് കാമറകൾ സ്ഥാപിച്ചത്

കൊട്ടാരക്കര: പുത്തൂരിൽ കാമറക്കണ്ണുകൾ തുറന്നു. ഇനി പട്ടണം സുരക്ഷിത കവചത്തിനുള്ളിൽ. കൊട്ടാരക്കര ബ്ളോക്ക് പഞ്ചായത്ത് ആറ് ലക്ഷം രൂപ വിനിയോഗിച്ചാണ് പുത്തൂർ പട്ടണത്തിൽ കാമറകൾ സ്ഥാപിച്ചത്. പട്ടണം മുഴുവൻ കിട്ടുന്ന വിധമാണ് കാമറകൾ ക്രമീകരിച്ചിട്ടുള്ളത്. ഏഴ് കാമറകൾ സ്ഥാപിച്ചുകഴിഞ്ഞു. ബഥനി ജംഗ്ഷൻ, ആലയ്ക്കൽ ജംഗ്ഷൻ എന്നിവിടങ്ങൾകൂടി ലഭിക്കുംവിധം രണ്ട് കാമറകൾകൂടി ഉടൻ സ്ഥാപിക്കും.

16 കാമറകൾ

പതിനാറ് കാമറകൾ സ്ഥാപിക്കാവുന്ന സംവിധാനങ്ങൾ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ആകെ 11 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിരുന്നതെങ്കിലും ആറ് ലക്ഷം രൂപയാണ് അനുവദിച്ചത്. അടുത്ത ഭരണസമിതി എത്തിയിട്ടേ കൂടുതൽ തുക അനുവദിക്കാൻ കഴിയുകയുള്ളു. പുത്തൂർ പൊലീസ് സ്റ്റേഷനിലാണ് നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളത്. ട്രാഫിക് കമ്മിറ്റിയ്ക്ക് ഇതിന്റെ ചുമതലയും നൽകിയിട്ടുണ്ട്.

കാമറാ സംവിധാനം ഉദ്ഘാടനം

ഇന്നലെ പൊലീസ് സ്റ്റേഷൻ അങ്കണത്തിൽ ചേർന്ന ചടങ്ങിൽ പി.ഐഷാപോറ്റി എം.എൽ.എ കാമറാ സംവിധാനം ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. റൂറൽ എസ്.പി ആർ.ഇളങ്കോ, ജില്ലാ പഞ്ചായത്തംഗം എസ്.പുഷ്പാനന്ദൻ, നെടുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.ശ്രീകല, ബ്ളോക്ക് മെമ്പർ സി.അനിൽകുമാർ, ഗ്രാമപഞ്ചായത്തംഗങ്ങളായ ഓമന, കോട്ടയ്ക്കൽ രാജപ്പൻ, ട്രാഫിക് കമ്മിറ്റി പ്രസിഡന്റ് ഡി.മാമച്ചൻ, പ്രശാന്ത് എന്നിവർ സംസാരിച്ചു.