online

 തട്ടിപ്പ് പ്രമുഖ വാഹന നിർമ്മാണ കമ്പനിയുടെ പേരിൽ

കൊല്ലം: പ്രമുഖ വാഹന നിർമ്മാണ കമ്പനിയുടെ എറണാകുളത്തെ ഷോറൂമിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായി യുവാവിന്റെ പരാതി. കരിക്കോട് ശിവശോഭയിൽ ശിവശങ്കരനാണ് കിളികൊല്ലൂർ പൊലീസിന് പരാതി നൽകിയത്.

സിജിന്റെ പരാതി ഇങ്ങനെ: ഫേസ്ബുക്കിൽ പരസ്യം കണ്ടാണ് ജോലിക്ക് അപേക്ഷിച്ചത്. ഇതുപ്രകാരം കഴിഞ്ഞമാസം 21ന് വാഹന ഷോറൂമിൽ നിന്നെന്ന് പരിചയപ്പെടുത്തി വിളിവന്നു. കൊവിഡായതിനാൽ ഫോൺ വഴിയാണ് അഭിമുഖമെന്ന് വിളിച്ചയാൾ അറിയിച്ചു. തൊട്ടടുത്ത ദിവസം അഭിമുഖം നടത്തി വൈകിട്ടോടെ സൂപ്പർവൈസർ തസ്തികയിൽ നിയമിച്ചതായി അറിയിച്ചു. യൂണിഫോം, ഷൂസ് എന്നിവയ്ക്കായി അവർ ആവശ്യപ്പെട്ട 1850 അക്കൗണ്ടിൽ നൽകി. വൈകിട്ടായപ്പോൾ ഈ മാസം 2ന് കൊച്ചിയിൽ ജോലിയിൽ പ്രവേശിക്കണമെന്ന നിയമന ഉത്തരവ് മെയിലിൽ എത്തി. തൊട്ടടുത്ത ദിവസം സാലറി അക്കൗണ്ട് തുടങ്ങാൻ 5,000 രൂപ നൽകി. രണ്ട് ദിവസം കഴിഞ്ഞപ്പോൾ ജീവനക്കാർക്കെല്ലാം കമ്പനി ലാപ്ടോപ്പും ടാബും നൽകുന്നുണ്ടെന്നും അതിന്റെ പത്ത് ശതമാനം ജീവനക്കാരാണ് നൽകേണ്ടതെന്നും പറഞ്ഞു. അതിനായി പതിനായിരം രൂപ വീണ്ടും അക്കൗണ്ടിൽ നിക്ഷേപിച്ചു. തൊട്ടടുത്ത ദിവസം യൂണിഫോമും ലാപ്ടോപ്പും കൊറിയർ അയയ്ക്കാൻ 5450 രൂപ വീണ്ടും ചോദിച്ചു. അങ്ങനെ 23,300 രൂപ ആകെ വാങ്ങി.

നിയമന ഉത്തരവിൽ പറഞ്ഞത് പോലെ വലിയ പ്രതീക്ഷയോടെ ഈ മാസം 2ന് കൊച്ചിയിലെ വാഹന ഷോറൂമിൽ എത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം അറിഞ്ഞത്. സമാനമായ തരത്തിൽ പണം തട്ടിയതായുള്ള പരാതി നേരത്തെ ലഭിച്ചിട്ടുള്ളതായി ഷോറൂം അധികൃതർ പറഞ്ഞതായും ഷിജിൻ പരാതിയിൽ പറയുന്നു.

കിളികൊല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പണം അക്കൗണ്ട് വഴി കൈമാറിയതിന്റെ രേഖകളും യുവാവ് പൊലീസിന് നൽകി.