മൂന്ന് മാസത്തേക്ക് സസ്പെൻഷൻ, ആർ. രാജേന്ദ്രന് പരസ്യശാസന
കൊല്ലം: പി.എസ്. സുപാലിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യാനുള്ള തീരുമാനത്തിൽ ജില്ലയിലെ സി.പി.ഐ ഞെട്ടി. പാർട്ടി പ്രവർത്തകർ നടപടി പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്രയും കടുപ്പിക്കുമെന്ന് കരുതിയില്ല. പാർട്ടിയുടെ ചോര വീഴ്ത്തുന്ന തീരുമാനമെന്ന് സംസ്ഥാന കൗൺസിൽ തീരുമാനത്തെ കാനം വിരുദ്ധ പക്ഷം വിലയിരുത്തുമ്പോൾ പാർട്ടിയാണ് വലുതെന്ന ഓർമ്മപ്പെടുത്തലാണെന്ന് കാനം പക്ഷം പറയുന്നു.
സി.പി.ഐയിൽ കഴിഞ്ഞ ജില്ലാ സമ്മേളനത്തിന് തൊട്ടുമുൻപ് മുതൽ ആരംഭിച്ച വിഭാഗീയതയ്ക്കുള്ള സംസ്ഥാന നേതൃത്വത്തിന്റെ താക്കീത് കൂടിയാണ് ഇന്നലത്തെ തീരുമാനം. എന്നാലിത് പക്ഷപാതപരമായിപ്പോയെന്നും വിമർശനമുണ്ട്. സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തിൽ സുപാലിനെ സസ്പെൻഡ് ചെയ്യാനും ആർ. രാജേന്ദ്രനെ ശാസിക്കാനുമുള്ള നിർദ്ദേശം അവതരിപ്പിച്ചത് കാനമാണ്. പിന്നീട് ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിലും കാനം സംസ്ഥാന എക്സിക്യുട്ടീവ് തീരുമാനം അവതരിപ്പിച്ചു. പക്ഷെ കൗൺസിൽ യോഗത്തിൽ പി.എസ്. സുപാൽ പങ്കെടുത്തില്ല. ജില്ലയിൽ നിന്നുള്ള സംസ്ഥാന കൗൺസിൽ അംഗങ്ങൾ ഓൺലൈനായാണ് പങ്കെടുത്തത്. ഇവിടെ നിന്ന് യോഗത്തിൽ പങ്കെടുത്ത 16 സംസ്ഥാന കൗൺസിൽ അംഗങ്ങളിൽ 12 പേരും നിർദ്ദേശത്തെ എതിർത്തു. കടുത്ത നടപടി പാടില്ലെന്നായിരുന്നു ആവശ്യം. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലുള്ള കടുത്ത നടപടി പാർട്ടിക്ക് ദോഷം ചെയ്യുമെന്നും നടപടി തത്കാലത്തേക്ക് മാറ്റിവയ്ക്കണെന്നും ആവശ്യം ഉയർന്നു. ജില്ലയ്ക്ക് പുറത്ത് നിന്നും സമാനമായ ആവശ്യം ഉയർന്നു. പക്ഷെ സംസ്ഥാന എക്സിക്യുട്ടീവ് തീരുമാനം അംഗീകരിക്കണമെന്ന നിലപാടിൽ കാനം ഉറച്ചുനിന്നു. ഇതോടെ യോഗത്തിൽ അദ്ധ്യക്ഷനായിരുന്ന കെ.പി. രാജേന്ദ്രൻ നടപടി വായിച്ച് യോഗം പിരിച്ചുവിട്ടു.
സസ്പെൻഷന് പിന്നിൽ
കഴിഞ്ഞ ഫെബ്രുവരിയിൽ കൊട്ടാരക്കരയിൽ നടന്ന ജില്ലാ എക്സിക്യുട്ടീവ് യോഗത്തിലുണ്ടായ അസ്വാഭാവിക സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് നടപടി. ലൈബ്രറി കൗൺസിൽ ഭാരവാഹികളെ നിശ്ചയിക്കാൻ ചേർന്ന യോഗത്തിൽ പി.എസ്. സുപാലും ആർ. രാജേന്ദ്രനും തമ്മിലുണ്ടായ തർക്കം അതിരുവിട്ടു. ഇതോടെ ജില്ലാ കൗൺസിൽ എക്സിക്യുട്ടീവ് യോഗങ്ങൾ ചേരുന്നത് സംസ്ഥാന നേതൃത്വം വിലക്കിയതിനൊപ്പം രണ്ടുപേരോടും സംസ്ഥാന നേതൃത്വം വിശദീകരണം ആവശ്യപ്പെട്ടു. ആർ. രാജേന്ദ്രൻ വിശദമായ വിശദീകരണം നൽകി. രണ്ട് വാക്യങ്ങളിൽ മറുപടിയൊതുക്കിയ സുപാലിനോട് വീണ്ടും വിശദീകരണം ആവശ്യപ്പെട്ടു. ഈ രണ്ട് വിശദീകരണങ്ങളും ചർച്ച ചെയ്ത ശേഷമാണ് ഇന്നലെ നിർണായക തീരുമാനമെടുത്തത്.
ജില്ലാ കൗൺസിൽ 12ന്
ഈമാസം 12ന് ജില്ലാ കൗൺസിൽ യോഗം വിളിച്ചുചേർത്ത് സംസ്ഥാന കൗൺസിൽ തീരുമാനം റിപ്പോർട്ട് ചെയ്യും. പുതിയ ജില്ലാ സെക്രട്ടറിയെ സംബന്ധിച്ചുള്ള നിർദ്ദേശവും ഒരുപക്ഷെ ഈ കൗൺസിൽ യോഗത്തിൽ വച്ചേക്കും.
''
പാർട്ടി തീരുമാനത്തെക്കുറിച്ച് പരസ്യമായി പ്രതികരിക്കാനില്ല.
പി.എസ്. സുപാൽ