navas
ചക്കു വള്ളി ജംഗ്ഷൻ

അധികാരികൾ കണ്ണു തുറക്കുന്നില്ല

ട്രാഫിക് നിയന്ത്രണങ്ങൾ വഴിപാടാകുന്നു

ശാസ്താംകോട്ട: ചക്കുവള്ളി ജംഗ്ഷനിലെ അപകടങ്ങൾ തുടർക്കഥയായിട്ടും ഗതാഗത നിയന്ത്രണത്തിന് സംവിധാനങ്ങൾ ഒരുക്കാൻ അധികൃതർ തയ്യാറാകുന്നില്ല. പോരുവഴി, ശൂരനാട് തെക്ക്, ശൂരനാട് വടക്ക് പഞ്ചായത്തുകളുടെ സംഗമ സ്ഥലമാണ് ചക്കുവള്ളി.പോരുവഴി ഗവ: ഹയർ സെക്കൻഡറി സ്കൂൾ ,ദേവസ്വം ബോർഡ് ഹൈസ്കൂൾ, ചക്കുവള്ളി മാർക്കറ്റ്, നിരവധി വ്യാപാര കേന്ദ്രങ്ങൾ ,ദേശസാൽകൃത ബാങ്ക് ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ ചക്കുവള്ളിയിലുണ്ട്. പ്രസിദ്ധമായ തീർത്ഥാടന കേന്ദ്രമായ മയ്യത്തുംങ്കര മസ്ജിദ്, പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രം, ആനയടി പഴയിടം നരസിംഹം സ്വാമി ക്ഷേത്രം ,പോരുവഴി ബസേലിയോസ് ഗ്രിഗോറിയസ് ചർച്ച് തുടങ്ങി നിരവധി ദേവാലയങ്ങളിലേക്കേത്തുന്നവർ ചക്കുവള്ളിയിലൂടെയാണ് കടന്നു പോകുന്നത്.

അപകടങ്ങൾ പതിവാണ്

യാതൊരു നിയന്ത്രണവുമില്ലാത്ത ചക്കുവള്ളിയിലൂടെ വാഹനങ്ങൾ ചീറിപ്പായുകയാണ്. നൂറു മീറ്റർ അകലെ ശൂരനാട് പൊലീസ് സ്റ്റേഷനും കുന്നത്തൂർ ജോയിന്റ് ആർ.ടി.ഓഫീസുമുണ്ടായിട്ടും ഗതാഗത നിയന്ത്രണത്തിന് ശാശ്വത പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല . കൊല്ലം - തേനി പാതയും , കടമ്പനാട്- മലനട - ചക്കുവള്ളി - പുതിയകാവ് റോഡും സംഗമിക്കുന്ന ചക്കുവള്ളിയിലൂടെ നിരവധി വാഹനങ്ങളാണ് ദിവസവും കടന്നു പോകുന്നത്. ട്രാഫിക് ഐലന്റോ സിഗ്നൽ സംവിധാനങ്ങളോ ഇല്ലാത്ത ചക്കുവള്ളിയിൽ അപകടങ്ങൾ പതിവാണ്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾ മരിച്ചിരുന്നു. ട്രാഫിക് നിയന്ത്രണത്തിന് ചില ദിവസങ്ങളിൽ ഹോം ഗാർഡ് എത്താറുണ്ടെങ്കിലും അതൊക്കെ വഴിപാടാണെന്നാണ് നാട്ടുകാരുടെ വാദം. റോഡുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നതോടെ വാഹനങ്ങളുടെ എണ്ണവും വേഗവും വർദ്ധിച്ചിട്ടും അധികാരികൾ കണ്ണു തുറക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.


" ചക്കുവള്ളി ജംഗ്‌ഷനിലെ അപകടങ്ങൾ കുറയ്ക്കുന്നതിന് റോഡിൽ അടിയന്തരമായി ഡിവൈഡറുകൾ സ്ഥാപിക്കുകയും സിഗ്നൽ സംവിധാനം ഏർപ്പെടുത്തുകയും വേണം.

സുൽഫിക്കർ റാവുത്തർ (മിഴി ഗ്രന്ഥശാല ചക്കുവള്ളി)​


" അപകടങ്ങൾ പതിവായ ചക്കുവള്ളി ജംഗ്ഷനിൽ ഗതാഗത നിയന്ത്രണത്തിന് ശാശ്വത സംവിധാനം ഏർപ്പെടുത്തണം.


അനുതാജ് (യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി)​


"റോഡുകൾ നവീകരിച്ചതോടെ ചക്കുവള്ളിയിൽ അപകട സാദ്ധ്യത വർദ്ധിച്ചിരിക്കുകയാണ്. ഗതാഗത നിയന്ത്രണത്തിന് ശാശ്വതമായ പരിഹാരം കാണാൻ അധികൃതർ തയ്യാറാണം" സുഭാഷ് കുമാർ (പാരലൽ കോളേജ് അദ്ധ്യാപകൻ പോരുവഴി)​