7.8 കോടിയുടെ നവീകരണം
കരുനാഗപ്പള്ളി : വർഷങ്ങളുടെ കാത്തിരുപ്പിന് വിരാമമിട്ട് അഴീക്കൽ മത്സ്യബന്ധന തുറമുഖം നവീകരിക്കാനുള്ള പദ്ധതികൾക്ക് തുടക്കമാകുന്നു. തുറമുഖ വകുപ്പിൽ നിന്നും അനുവദിച്ച 7.8 കോടി രൂപ ചെലവഴിച്ചാണ് തുറമുഖം നവീകരിക്കുന്നത്. മത്സ്യബന്ധന തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള പദ്ധികൾക്കാണ് മുന്തിയ പരിഗണന നൽകുന്നത്. തുറമുഖത്തിന്റെ വികസനം ആവശ്യപ്പെട്ട് വർഷങ്ങളായി മത്സ്യത്തൊഴിലാളികൾ പ്രക്ഷോഭത്തിന്റെ പാതയിൽ ആയിരുന്നു .
അടിസ്ഥാന സൗകര്യങ്ങൾ പരിമിതം
ഒരു പതിറ്റാണ്ടിന് മുമ്പാണ് അഴീക്കൽ മത്സ്യബന്ധന തുറമുഖം പ്രവർത്തന സജ്ജമായത്. തുടക്കത്തിൽ ഉണ്ടായിരുന്ന സൗകര്യങ്ങൾ മാത്രമാണ് ഇപ്പോഴും ഉള്ളത്. 110 മീറ്റർ ദൈർഘ്യമുള്ള വാർഫാണ് നിലവിൽ ഉള്ളത്. ഇതിൽ ആവശ്യമായ മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ല. മത്സ്യബന്ധനം കഴിഞ്ഞെത്തുന്ന ഏതാനും ബോട്ടുകൾ നങ്കൂരമിട്ട് കഴിഞ്ഞാൽ മറ്റ് ബോട്ടുകൾക്ക് അടുക്കാനുള്ള സൗകര്യം ഇല്ലാതാകും . ഇത് പലപ്പോഴും തൊഴിലാളികൾ തമ്മിൽ സംഘർഷത്തിന് ഇടയാക്കാറുണ്ട്. കൊവിഡിന് മുമ്പ് വരെ 75 ഓളം ബോട്ടുകളും 50 ഓളം വലിയ വള്ളങ്ങളും തുറമുഖത്ത് അടുക്കുമായിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ നിലവിൽ വന്നതോടെ ഇവിടെ അടുക്കുന്ന മത്സ്യബന്ധന യാനങ്ങളുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ടായി. തമിഴ്നാട്, തൂത്തുക്കുടി, മംഗലാപുരം തുടങ്ങിൽ സ്ഥലങ്ങളിൽ നിന്നും പോലും നൂറ് കണത്തിന് മത്സ്യ വിപണന കച്ചവടക്കാരാണ് കണ്ടെയ്നർ ലോറികളുമായി മത്സ്യം വാങ്ങാനായി എത്തുന്നത്. കൂടാതെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അയൽ പ്രദേശങ്ങളിൽ നിന്നുമായി ആയിരക്കണക്കിന് മത്സ്യ വിപണന തൊഴിലാളികളും ഇവിടെ എത്തുന്നുണ്ട്. ഇവരെ ഉൾക്കൊള്ളാനുള്ള പരിമിത സൗകര്യങ്ങൾ മാത്രമാണ് മത്സ്യബന്ധന തുറമുഖത്ത് നിലവിൽ ഉള്ളത്.
പുതിയ നിർമ്മാണങ്ങൾ
വാർഫ് - 106 മീറ്റർ നീളം 7.50 മീറ്റർ വീതി
ലേല ഹാൾ - 79.7 മീറ്റർ നീളം 12.8 മീറ്റർ വീതി
ലോഡിംഗ് ഏരിയാ- 110 മീറ്റർ നീളം 20 മീറ്റർ വീതി
അന്താരാഷ നിലവാരത്തിലേയ്ക്ക്
അഴീക്കൽ മത്സ്യബന്ധന തുറമുഖത്തിനെ അന്താരാഷ നിലവാരത്തിലേയ്ക്ക് ഉയർത്താവുന്ന പദ്ധതിയ്ക്കാണ് തുടക്കം കുറിച്ചത്. പുതുതായി നടത്തുന്ന വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ പ്രത്യക്ഷമായി 30000 തൊഴിൽ ദിനങ്ങളും പരോക്ഷമായി 60000 തൊഴിൽ ദിനങ്ങളും സൃഷ്ടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി 106 മീറ്റർ നീളത്തിലും 7.50 മീറ്റർ വീതിയുമുള്ള വാർഫ്, 79.7 മീറ്റർ നീളത്തിലും 12.8 മീറ്റർ വീതിയുമുള്ള ലേല ഹാൾ, 110 മീറ്റർ നീളത്തിലും 20 മീറ്റർ വീതിയുമുള്ള ലോഡിംഗ് ഏരിയാ എന്നിവയാണ് പുതുതായി നിർമ്മിക്കുന്നത്. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ.
നിർമ്മാണോദ്ഘാടനം
വികസന പ്രവർത്തനത്തനങ്ങളുടെ നിർമ്മാണോദ്ഘാടനം മന്ത്രി ജെ .മേഴ്സിക്കുട്ടിഅമ്മ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. ആർ .രാമചന്ദ്രൻ എം. എൽ .എ അദ്ധ്യക്ഷത വഹിച്ചു. എ. എം .ആരിഫ് എം .പി, ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സെലീന, വൈസ് പ്രസിഡന്റ് എം .ബി .സഞ്ജീവ്, മത്സ്യഫെഡ് ഡയറക്ടർ ജി. രാജദാസ്, ബ്ലോക്ക് പഞ്ചായത്തംഗം ഷെർളി ശ്രീകുമാർ, ഗ്രാമ പഞ്ചായത്തംഗം സലിന തുടങ്ങിയവർ പങ്കെടുത്തു.
10 വർഷത്തിനുള്ളിൽ കാര്യമായ വികസനം നടന്നിട്ടില്ല. കേരളത്തിന്റെ പ്രകൃതി ദത്തമായ മത്സ്യബന്ധന തുറമുഖമാണ്. പുതിയ വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ ബോട്ടുകാരും വള്ളക്കാരും തമ്മിലുള്ള സംഘർഷത്തിന് പരിഹാരമാകും. നവീകരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണം.
ഡി. പ്രകാശ്, ജില്ലാ പ്രസിഡന്റ്, മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ലാ കമ്മിറ്റി: