നാട്ടുമാവുകളെ സംരക്ഷിക്കാൻ പദ്ധതി
കൊല്ലം: തലമുറകൾക്ക് മധുരമേകി നാട്ടുമാവുകളെ സംരക്ഷിക്കാനുള്ള പദ്ധതിയിലാണ് കേരള കാർഷിക സർവകലാശാല. രുചിയിലും ഗുണത്തിലും ഗന്ധത്തിലും വലുപ്പത്തിലും മുമ്പനായ വിവിധതരം നാടൻ മാവിനങ്ങളെ സംബന്ധിച്ച ഗവേഷണം സദാനന്ദപുരത്തുള്ള കൊല്ലം ജില്ലാ കാർഷിക വിജ്ഞാനകേന്ദ്രത്തിൽ തുടങ്ങി.
മികച്ച മാവുകളെ കണ്ടെത്തി അവയിൽ നിന്ന് വിത്തിനങ്ങളുണ്ടാക്കി നാട്ടുമാവുകളുടെ കുലമറ്റുപോകാതെ സംരക്ഷിക്കുകയാണ് പ്രൊഫ. ബിന്ദുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ലക്ഷ്യം.
മാമ്പഴപ്പുളിശേരി മുതൽ ഉപ്പുമാങ്ങയും കടുമാങ്ങയും മാങ്ങാച്ചമ്മന്തിയും മാങ്ങാ സംഭാരവും വരെ വീടുകളിലെ സ്ഥിരം വിഭവങ്ങളായിരുന്നു. മാങ്ങ സമൃദ്ധമായ മൂന്നുമാസം കഴിഞ്ഞും സംസ്കരിച്ച് സൂക്ഷിക്കുന്ന മാങ്ങ മലയാളിയുടെ ഭക്ഷ്യസുരക്ഷയ്ക്ക് വലിയ സംഭാവനയാണ്.
കെട്ടുമാങ്ങയും മാമ്പഴച്ചാറ് ഉണക്കിയുണ്ടാക്കുന്ന മാമ്പഴക്കൊണ്ടാട്ടവും മാങ്ങാണ്ടിയുടെ പരിപ്പ് പൊടിച്ചുണ്ടാക്കുന്ന ചമ്മന്തിപ്പൊടി, കുറുക്ക് എന്നിവ വർഷം മുഴുവൻ നീളുന്ന വിഭവങ്ങളായിരുന്നു. ഭൂവിനിയോഗത്തിലും സാമൂഹ്യ പരിതസ്ഥിതിയിലുമുണ്ടാക്കിയ മാറ്റമാണ് തേൻമാവിനെയും ചക്കരമാമ്പഴത്തെയും വീടുകളിൽ നിന്ന് കുടിയിറക്കിയത്. സങ്കരയിനങ്ങളുടെയും വിദേശ ഇനങ്ങളുടെയും വരവോടെയാണ് വീട്ടുമുറ്റങ്ങളിൽ നിന്ന് മാവുകൾ അപ്രത്യക്ഷമാക്കിയത്.
വീടുകൾ ചെറിയ പ്ളോട്ടുകളിലായപ്പോൾ നാട്ടുമാവിന് വളരാൻ ഇടമില്ലാതായി. പകരം ഒട്ടുമാവുകൾ സ്ഥാനം പിടിച്ചു. മരിച്ചവരെ ദഹിപ്പിക്കാൻ മാവ് നിർബന്ധമാണെന്ന ആചാരവും എണ്ണമയം കുറവുള്ളതുകൊണ്ട് വാർക്കപ്പണിക്ക് മാമ്പലകകൾ കൂടുതൽ ഉപയോഗിച്ചതും നാടൻമാവുകളെ നാമാവശേഷമാക്കി.
ആയുസ് കുറച്ച് ഒട്ടുമാവുകൾ
നാട്ടുമാവുകൾ 150 മുതൽ 300 വർഷംവരെ വളരുമ്പോൾ 35 വർഷം മാത്രമാണ് ഒട്ടുമാവുകളുടെ ആയുസ്. നിത്യഹരിതവനം സൃഷ്ടിക്കുന്ന നാട്ടുമാവിൽ നിന്ന് ഒട്ടേറെ തൈകൾ ഉണ്ടാകും. വളരെക്കുറച്ച് വെള്ളവും വളരെ കൂടുതൽ കാർബണും വലിച്ചെടുക്കുന്ന നാട്ടുമാവുകൾ ഇല്ലാതായത് പരിസ്ഥിതിക്ക് വലിയ ആഘാതമായി. നാട്ടുമാങ്ങകൾക്ക് പകരം വയ്ക്കാവുന്ന പഴങ്ങളില്ല. നാരും മാംസവും ഒരുപോലെയടങ്ങിയ നാട്ടുമാമ്പഴങ്ങൾ രുചിയോടൊപ്പം പോഷക സമൃദ്ധവുമാണ്. വലുപ്പവും നിറവുമുള്ള പുതിയ ഇനങ്ങളിൽ നാരുകൾ കുറവാണ്.
അവശേഷിക്കുന്നത്
ഇന്ത്യയിൽ: 30,000 ഇനം
കേരളത്തിൽ: 44
അന്യം നിന്നുപോകുന്ന മാവുകൾ
1. സാമാന്യം നാരും ഉറപ്പും ദശയുമുള്ള കർപ്പൂരവരിക്ക
2. വർഷത്തിൽ മൂന്നുതവണ കായ്ക്കുന്ന താളി മാങ്ങ
3. ആകർഷകമായ ചുവപ്പ് കലർന്ന ഓറഞ്ച് നിറമുള്ള കിളിച്ചുണ്ടൻ
4. പഴുത്താലും ഇരുണ്ട പച്ചനിറം നിലനിൽക്കുന്ന കസ്തൂരിമാങ്ങ
5. നാര് കുറഞ്ഞതും മാംസളവും മണമുള്ളതുമായ കർപ്പൂരമാങ്ങ
6. പോളച്ചിറ, നെടുങ്ങോലൻ, കോട്ടുക്കോണം, മൂവാണ്ടൻ, പേരയ്ക്കാമാങ്ങ
7. നീണ്ടചുണ്ടും വലിപ്പവുമുള്ള മുതലമൂക്കൻ, കപ്പമാങ്ങ
8. അച്ചാറാവശ്യത്തിന് ഉപയോഗിക്കുന്ന കുലകുലകളായി കായ്ക്കുന്ന വിവിധതരം നാട്ടുമാവുകൾ
''
അന്യം നിന്നുപോകുന്ന മാവുകളെപ്പറ്റിയുള്ള ഗവേഷണം നടന്നുവരികയാണ്. കേരളത്തിന്റെ തനത് മാവിനങ്ങളിൽ ചിലത് ഇപ്പോഴും പല വീടുകളിലും ഉണ്ട്. വരും തലമുറയ്ക്കായി അവയെ നിലനിറുത്താൻ വിത്തുകൾ ശേഖരിച്ച് തൈകൾ നട്ടുവളർത്താനാണ് ആലോചിക്കുന്നത്. നാടൻ മാവിനങ്ങൾ വീടുകളിലുള്ളവർ അക്കാര്യം 8137840196 എന്ന നമ്പരിൽ അറിയിക്കണം
പ്രൊഫ. ബി. ബിന്ദു,
അസി.പ്രൊഫസർ
കാർഷിക ഗവേഷണ കേന്ദ്രം, സദാനന്ദപുരം