supal-
അഖിലേന്ത്യാ കിസാൻസഭ പോരുവഴിയിൽ നടത്തിയ കരനെൽകൃഷിയുടെ വിളവെടുപ്പിന്റെ ഭാഗമായി നടത്തിയ സമ്മേളനം പി.എസ്.സുപാൽ ഉദ്ഘാടനം ചെയ്യുന്നു

 ജില്ലാ എക്സിക്യുട്ടീവ് അംഗം ഉൾപ്പെടെ നേതാക്കളുടെ വലിയ നിര

കൊല്ലം: സി.പി.ഐയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് ജില്ലാ അസി. സെക്രട്ടറി പി.എസ്. സുപാലിനെ പുറത്താക്കി 24 മണിക്കൂർ തികയും മുൻപ് കിസാൻസഭയുടെ സമ്മേളനത്തിൽ ഉദ്ഘാടനാക്കി ശൂരനാട്ടെ പാർട്ടി പ്രവർത്തകർ.

അഖിലേന്ത്യാ കിസാൻ സഭ ശൂരനാട് മണ്ഡലം കമ്മിറ്റി പോരുവഴി അമ്പലത്തുംഭാഗത്ത് നടത്തിയ കരനെൽകൃഷിയുടെ വിളവെടുപ്പ് ഉത്സവമാണ് ഇന്നലെ പി.എസ്. സുപാൽ ഉദ്ഘാടനം ചെയ്തത്. കിസാൻസഭയുടെ ജില്ലാ പ്രസിഡന്റ് കൂടിയായ സുപാലിനെ ചടങ്ങിന്റെ ഉദ്ഘാടകനായി മുൻകൂട്ടി നിശ്ചയിച്ചിരുന്നു. സുപാലിനെതിരെ പാർട്ടി നടപടി സ്വീകരിച്ചെങ്കിലും ഉദ്ഘാടകനെ മാറ്റാൻ മണ്ഡലം കമ്മിറ്റി തയ്യാറായില്ല.

സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം ആർ.എസ്. അനിൽ, കിസാൻസഭ ജില്ലാ സെക്രട്ടറി എസ്. അജയഘോഷ്, മണ്ഡലം പ്രസിഡന്റ് മനു പോരുവഴി, സെക്രട്ടറി എം. ദർശനൻ, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ, മണ്ഡലം കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ എക്‌സിക്യുട്ടീവിലെ വാക്കേറ്റത്തിന്റെ പേരിൽ സുപാലിനെതിരെ മാത്രം കടുത്ത ശിക്ഷ സ്വീകരിച്ച സംസ്ഥാന നേതൃത്വത്തെ പരസ്യമായി വെല്ലുവിളിക്കുന്ന നിലപാടിലേക്ക് മാറുകയാണ് കുന്നത്തൂർ, ശൂരനാട് മണ്ഡലം കമ്മിറ്റികളിലെ ഭൂരിപക്ഷം നേതാക്കളും.