കൊല്ലം: പി.എസ്. സുപാലിനെതിരായ കടുത്ത അച്ചടക്ക നടപടിക്കെതിരെ സി.പി.ഐയിൽ ഉൾപാർട്ടി കലാപത്തിനൊപ്പം പരസ്യ പ്രതിഷേധങ്ങളും കനക്കുന്നു. ഇന്നലെ ചേർന്ന ബ്രാഞ്ച്, ലോക്കൽ കമ്മിറ്റി യോഗങ്ങളിൽ പലതിലും സംസ്ഥാന നേതൃത്വത്തിന്റെ നടപടിക്കെതിരെ വിമർശനം ഉയർന്നു. നവമാദ്ധ്യമങ്ങളിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ പക്ഷപാതിയായ ന്യായാധിപനോട് ഉപമിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റുകളും നിറയുകയാണ്.
മണ്ഡലം കമ്മിറ്റി അംഗങ്ങൾ അടക്കം കാനത്തെ പരോക്ഷമായി വിമർശിച്ചും സുപാലിനെ അനുകൂലിച്ചും ഫേസ്ബുക്ക് പോസ്റ്റുകൾ ഇട്ടിട്ടുണ്ട്. സുപാലിന്റെ തട്ടകമായ കിഴക്കൻ മേഖലയിൽ അദ്ദേഹത്തിന്റെ ചിത്രം ഉപയോഗിച്ചുള്ള ഫേസ്ബുക്ക് പ്രൊഫൈൽ കാമ്പയിൻ സംസ്ഥാന എക്സിക്യുട്ടീവിന്റെ തീരുമാനം അറിഞ്ഞപ്പോൾ തന്നെ തുടങ്ങി. പാർട്ടിയുടെയും ബഹുജന സംഘടനകളുടെയും പല വാട്സ് ആപ്പ് ഗ്രൂപ്പുകളുടെയും ഡി.പിയും പൊലീസിന്റെ മർദ്ദനമേറ്റ് ചോരയൊലിച്ച് നിൽക്കുന്ന സുപാലിന്റെ ചിത്രങ്ങളാണ്. നടപടി പിൻവലിക്കണമെന്നും ആവശ്യമുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കമാണ് ഇപ്പോഴത്തെ അച്ചടക്ക നടപടിയെന്നും ചിലർ പ്രതികരിച്ചിട്ടുണ്ട്. ആറാം തമ്പുരാൻ സിനിമയിൽ ജഗന്നാഥവർമ്മ മോഹൻലാലിനോട് പറയുന്നതടക്കം പല പഞ്ച് സിനിമാ ഡയലോഗുകളും കാനത്തിനെതിരെ പ്രവർത്തകർ ഫേസ്ബുക്കിൽ കുറിക്കുകയാണ്. സാധാരണ ഉൾപാർട്ടി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരസ്യ പ്രതികരണങ്ങളെ കാര്യമായി ആരും പിന്തുണയ്ക്കാറില്ല. പക്ഷെ സുപാൽ അനുകൂല കാമ്പയിന് വലിയ പിന്തുണ ലഭിക്കുന്നുണ്ട്.
ശക്തമായി പ്രതികരിക്കാൻ കാനം വിരുദ്ധപക്ഷം
ഈമാസം 12ന് ജില്ലാ കൗൺസിൽ, എക്സിക്യുട്ടീവ് യോഗങ്ങൾ ചേരുന്നുണ്ട്. അന്ന് ശക്തമായി പ്രതികരിക്കാനാണ് ജില്ലയിലെ കാനം വിരുദ്ധ പക്ഷത്തിന്റെ തീരുമാനം. വരും ദിവസങ്ങളിൽ ചേരുന്ന മണ്ഡലം കമ്മിറ്റികളിലടക്കം തിരഞ്ഞെടുപ്പ് ചർച്ചയേക്കാൾ മുൻപ് സംസ്ഥാന എക്സിക്യുട്ടീവ് തീരുമാനത്തിനെതിരെ വിയോജിപ്പ് രേഖപ്പെടുത്താനും അലോചനയുണ്ട്. കടുത്ത അച്ചടക്ക നടപടി നേരിട്ടിട്ടും സുപാൽ പാർട്ടി പ്രവർത്തനത്തിൽ നിന്ന് പിന്മാറിയിട്ടില്ല. സുപാലിനോട് വ്യക്തിവിരോധം ഇല്ലെന്നും പാർട്ടി അച്ചടക്കം നേതാക്കൾക്കും ബാധകമാണെന്നാണ് ജില്ലയിലെ കാനം പക്ഷ നേതാക്കൾ പറയുന്നത്.