പാമ്പുകളെ ആരാധിക്കുന്നവരാണ് ഇന്ത്യക്കാർ. പാമ്പുകളുടെ അനുഗ്രഹത്തിനായി പൂജകളും ഊട്ടുകളുമൊക്കെ നടത്താറുമുണ്ട്. എന്നാൽ, പാമ്പുകളെ ആരാധനയോടെ വരവേൽക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. വീടുകളിൽ ഇഴഞ്ഞെത്തുന്ന പാമ്പുകളെ അതിഥികളായി കണ്ട് പരിചരിക്കുന്ന ഗ്രാമങ്ങളും അവിടെയുണ്ട്.
പൂനെയിൽ നിന്ന് 200 കിലോമീറ്റർ അകലെ, ഷോലാപൂർ ജില്ലയിലുള്ള ഗ്രാമമാണ് ശെത്പൽ. മൂർഖൻ പാമ്പുകൾ കൂളായി വീടിനകത്തുകൂടി കയറിയിറങ്ങി നടക്കുന്ന കാഴ്ച അവിടെ സാധാരണമാണ്. അവിടെ മനുഷ്യർക്കു പാമ്പുകളെയോ പാമ്പുകൾക്കു മനുഷ്യരെയോ പേടിയില്ലെന്നതാണ് വാസ്തവം. മിക്ക വീടുകളിലും പാമ്പുകൾക്കായി പ്രത്യേകം ദേവസ്ഥാനമുണ്ട്. വീടുണ്ടാക്കുമ്പോൾ കുറച്ചു സ്ഥലം ഇതിനായി മാത്രം മാറ്റി വയ്ക്കും. ഇവിടേക്ക് എപ്പോൾ വേണമെങ്കിലും പാമ്പുകൾക്കു കയറി വരാം. പാമ്പുകളുമായുള്ള സഹവാസം കുട്ടിക്കാലം മുതൽ തുടങ്ങുന്നതിനാലാണ് ആർക്കും പാമ്പുകളെ ഭയമില്ലാത്തത്. ഇവിടെ ആളുകൾ പാമ്പുകളെ ഉപദ്രവിക്കാത്തതു പോലെ തന്നെ അവ ആളുകളെയും ഉപദ്രവിച്ച ചരിത്രമില്ല.
പശ്ചിമ ബംഗാളിലെ ബുർദ്വാൻ ജില്ലയിലെ ബതാർ ബ്ലോക്കിലെ 7 ഗ്രാമങ്ങളിലും പാമ്പുകളെ ഈ വിധം കാണാം. പോസ്‌ലാ, ചോട്ടോ പോസ്‌ലാ, പൽസാന, ബോഡോ മൊസാരു, പൽസനറ്റോള, മൊസാരു, പോസ്‌ലാ ഹട്ട് എന്നിവയാണ് ആ ഏഴ് ഗ്രാമങ്ങൾ. ഈ പ്രദേശത്തിന്റെ മുക്കും മൂലയിലും വരെ പാമ്പുകളെ കാണാൻ സാധിക്കും.