കൊല്ലം: നീണ്ടകര - ശക്തികുളങ്ങര ഹാർബറുകൾ അന്താരാഷ്ട്ര നിലവാരത്തിൽ ഉയർത്തുന്നതോടെ പ്രത്യക്ഷമായി മുപ്പതിനായിരവും പരോക്ഷമായി അറുപതിനായിരം തൊഴിൽ ദിനങ്ങളും സൃഷ്ടിക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ പറഞ്ഞു. നബാർഡ് - ആർ.ഐ.ഡി.എഫ് പദ്ധതിയിലുൾപ്പെടുത്തി ശക്തികുളങ്ങര - നീണ്ടകര ഹാർബറുകളുടെ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
നബാർഡ് പദ്ധതിയിലുൾപ്പെടുത്തി ശക്തികുളങ്ങര ഹാർബറിന് 34.50 കോടി രൂപയും നീണ്ടകര ഹാർബറിന് 10 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. ശക്തികുളങ്ങരയിൽപുതുതായി ഏറ്റെടുത്ത സ്ഥലത്തോട് ചേർന്ന് 80 മീറ്റർ നീളവും 7 മീറ്റർ വീതിയുള്ള റസ്‌ക്യൂ വാർഫ്, 1500 ച. മീ. വിസ്തീർണത്തിൽ രണ്ട് നിലകളിലുള്ള മെക്കനൈസ്ഡ് ഫിഷ് ഹാൻഡിലിംഗ് സൗകര്യങ്ങളോടുകൂടിയ ലേലഹാൾ, കല്ലുംപുറം ബോട്ട് ബിൽഡിംഗ് യാർഡിനോട് ചേർന്ന് ബോട്ടുകൾക്ക് സർവീസ് ബർത്ത് ഡിസാസ്റ്റർ ഷെൽട്ടർ, 120 ടൺ കപ്പാസിറ്റിയുള്ള ഐസ് പ്ലാന്റ് എന്നിവയാണ് സജ്ജമാക്കുന്നത്. നീണ്ടകര ഭാഗത്ത് മത്സ്യത്തൊഴിലാളികൾക്കുള്ള വിശ്രമ കേന്ദ്രം, ടോയ്‌ലെറ്റ് ബ്ലോക്ക്, കോൺഫറൻസ് ഹാൾ, ഗസ്റ്റ് റൂം, ജലസംഭരണി എന്നിവ സ്ഥാപിക്കും.
പദ്ധതി പൂർത്തിയാകുന്നതോടെ ഹാർബറിലെ ശുചിത്വം മെച്ചപ്പെടും. ഹാർബറിലെ തിരക്കും കുറയും. ഹാർബറിന്റെ ശുചിത്വ നിലവാരം മെച്ചപ്പെടുന്നതോടെ മത്സ്യ ഉത്പന്നത്തിന്റെ ഗുണനിലവാരം 20 ശതമാനം ഉയരും. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിന് പദ്ധതി സഹായിക്കും.
മേയർ ഹണി ബഞ്ചമിൻ, നീണ്ടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സേതുലക്ഷ്മി, ഹാർബർ മാനേജ്‌മെന്റ് സൊസൈറ്റി അംഗം യോഹന്നാൻ എന്നിവർ പങ്കെടുത്തു.