കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ എല്ലാ രാഷ്ട്രീയ കക്ഷികളും തയ്യാറെടുപ്പുകൾ തുടങ്ങി. വെള്ളിയാഴ്ച നടന്ന യോഗങ്ങൾക്ക് കയ്യുംകണക്കുമില്ല. 20 ശതമാനം വാർഡുകളിൽ സ്ഥാനാർത്ഥി നിർണയം പൂർത്തിയായിട്ടുണ്ട്. ഘടക കക്ഷികൾക്കുള്ള വീതംവയ്പ്പ് കൂടി കഴിഞ്ഞ് മുന്ന് മുന്നണികളും ഈയാഴ്ച തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചേക്കും.
ഇക്കുറി യു.ഡി.എഫ് നേരത്തെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. സമാന രീതിയിലാണ് ബി.ജെ.പിയിലും. ഇടതുമുന്നണിയിലാണ് നിലവിൽ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നത്.
ഒരു സ്ഥാനാർത്ഥി കുറഞ്ഞത് മൂന്ന് തവണയെങ്കിലും ഒരു വീട്ടിൽ പര്യടനം നടത്തണമെന്നാണ് മിക്ക രാഷ്ട്രീയ കക്ഷികളും തീരുമാനിച്ചിട്ടുള്ളത്.
ഇതിനൊപ്പം ചെറുപ്പക്കാരും യുവതികളും വെവ്വേറെ വാട്‌സ് ആപ്പ് ഗ്രൂപ്പുകൾ വഴി വെള്ളിയാഴ്ച തന്നെ പ്രവർത്തനം തുടങ്ങി. പ്രവർത്തകരും സ്ഥാനാർത്ഥികളും സ്വന്തം ചിഹ്നവും പതാകകളും ആലേഖനം ചെയ്ത മാസ്‌കുകൾ ധരിച്ചുവേണം പുറത്തിറങ്ങേണ്ടതെന്ന് നിശ്ചയിച്ചിട്ടുണ്ട്.
കഷ്ടിച്ച് ഒരുമാസം മാത്രമുള്ളതിനാൽ ഈ മാസം 10 നുള്ളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചാലേ പ്രചാരണത്തിന് സമയം ലഭിക്കൂ. അതിനാൽ ജില്ലാ - ബ്ലോക്ക് പഞ്ചായത്തുകളിലെ സ്ഥാനാർത്ഥികളെ 10ന് മുൻപ് പ്രഖ്യാപിക്കാൻ ആലോചിക്കുകയാണ് യു.ഡി.എഫ്. വോട്ടർ പട്ടികയിൽ പേര് ചേർക്കുകയും അതാത് തദ്ദേശ സ്ഥാപന സെക്രട്ടറിമാർ വഴി ഹിയറിംഗ് നടത്തുകയും ചെയ്യുന്നത് തുടരുകയാണ്. പത്താം തീയതിക്ക് മുൻപേ അന്തിമ വോട്ടർ പട്ടികയും പ്രഖ്യാപിക്കും. കൊവിഡ് കാലത്ത് മാസ്‌കണിഞ്ഞ വോട്ടുചെയ്യലും ആഹ്‌ളാദാരവങ്ങളും വരാനിരിക്കുന്നതേയുള്ളൂ.