people-bazar
താമരക്കുളത്തെ നവീകരിച്ച പീപ്പിൾസ് ബസാറിന്റെ ഉദ്ഘാടന ചടങ്ങിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി നാട മുറിക്കുന്നു. മേയർ ഹണി ബെഞ്ചമിൻ സമീപം

 താമരക്കുളത്തെ നവീകരിച്ച സപ്ലൈകോ പീപ്പിൾസ് ബസാർ ഉദ്ഘാടനം ചെയ്തു

കൊല്ലം: നിരന്തര ഇടപെടലിലൂടെ വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാനായെന്ന് മന്ത്രി പി. തിലോത്തമൻ പറഞ്ഞു. താമരക്കുളത്ത് പ്രവർത്തിച്ചിരുന്ന സപ്ലൈകോ പീപ്പിൾസ് ബസാർ കൂടുതൽ സൗകര്യങ്ങളോടെ നവീകരിച്ച് പ്രവർത്തനമാരംഭിച്ചതിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു മന്ത്രി.

സപ്ലൈകോ വിൽപ്പനശാലകളുടെ എണ്ണം വർദ്ധിപ്പിച്ച് എല്ലാ സൗകര്യങ്ങളും ജനങ്ങൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്. റേഷൻ കൂടാതെ മറ്റ് അവശ്യ സാധനങ്ങളും വീട്ടുപടിക്കൽ എത്തിക്കും. ഇതിന്റെ ഭാഗമായാണ് ഓൺലൈൻ വ്യാപാരം ആരംഭിച്ചതെന്നും മന്ത്രി പറഞ്ഞു. താമരക്കുളം ഔട്ട്‌ലെറ്റിൽ നിന്നുള്ള ഓൺലൈൻ ഭക്ഷ്യവിതരണവും മന്ത്രി ഉദ്ഘാടനം ചെയ്തു.

എൻ.കെ. പ്രേമചന്ദ്രൻ എം.പി അദ്ധ്യക്ഷത വഹിച്ചു. മേയർ ഹണി ബെഞ്ചമിൻ, താമരക്കുളം ഡിവിഷൻ കൗൺസിലർ എ.കെ. ഹഫീസ്, സപ്ലൈകോ ചെയർമാനും മാനേജിംഗ് ഡയറക്ടർ ഇൻ ചാർജുമായ ആർ. രാഹുൽ, അസിസ്റ്റന്റ് മേഖലാ മാനേജർ ഷീബ, എ.എം. ഇക്ബാൽ, എ. ബിജു എന്നിവർ പങ്കെടുത്തു.

 ഓൺലൈനായി വാങ്ങാം
ജില്ലയിൽ ആദ്യമായി സപ്ലൈകോയുടെ ഓൺലൈൻ ഭക്ഷ്യവിതരണം ആരംഭിക്കുന്നത് താമരക്കുളത്താണ്. കാർട്ടീസി (Carteezy) ആപ്ളിക്കേഷനിലൂടെ ഉപഭോക്താക്കൾക്ക് സാധനങ്ങളുടെ ഓർഡർ നൽകാം. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്ളിക്കേഷൻ ഡൗൺലോഡ് ചെയ്യാം.

ഹോം ഡെലിവറി, പേ ആൻഡ് പിക്ക് സംവിധാനവും ഇവിടെയുണ്ട്. താമരക്കുളം ഔട്ട്‌ലെറ്റിന് 10 കിലോ മീറ്റർ ചുറ്റളവിൽ ഉള്ളവർക്കാണ് ഓൺലൈൻ ഭക്ഷ്യവിതരണം പ്രയോജനപ്പെടുത്താൻ കഴിയുക.