coconut

വിചിത്രമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ലോകത്തെമ്പാടുമുണ്ട്. നമ്മുടെ ഇന്ത്യയും അക്കാര്യത്തിൽ ഒട്ടും പിന്നിലല്ല. ഇതുപോലുള്ള ആചാരങ്ങൾ ഒരുപാടുള്ള ഒരു സംസ്ഥാനമാണ് തമിഴ്‌​നാട്. അവെയുള്ള ഒരു പ്രധാന ഉത്സവമാണ് ആടിപ്പെരുക്ക്. തമിഴ് മാസമായ ആടിയുടെ 18​ാം ദിവസമാണ് ഇത് ആഘോഷിക്കുന്നത്. ജലം ലഭിക്കാനായി നടത്തുന്ന ഈ ഉത്സവത്തിൽ പക്ഷേ, വളരെ സവിശേഷതയുള്ള ഒരു ആചാരം നടന്നുവരുന്നു.
ഭക്തന്റെ തലയിൽ തേങ്ങ അടിച്ച് പൊട്ടിക്കുന്ന രീതിയാണ് അത്. ഈ ആചാരം കരൂരിലെ ഒരു ക്ഷേത്രത്തിലാണ് നടക്കുന്നത്. എല്ലാവർഷവും ആരും നിർബന്ധിക്കാതെ, ​സ്വന്തം ഇഷ്ടത്തിനാണ് ഇതിൽ പങ്കെടുക്കാനായി ഭക്തജനങ്ങൾ വരുന്നത്.

ഒരുകാലത്ത് ഭക്തർ ശിവനോട് സഹായത്തിനായി പ്രാർത്ഥിച്ചപ്പോൾ, ദേവൻപ്രത്യക്ഷപ്പെട്ടില്ല. ഒടുവിൽ മൂന്ന് കണ്ണുകളുള്ള തേങ്ങ തലയിൽ അടിച്ച് പൊട്ടിക്കാൻ അവർ തീരുമാനിച്ചു. അങ്ങനെ ഭക്തർ തലയിൽ തേങ്ങ അടിച്ച് പൊട്ടിക്കാൻ തുടങ്ങിയപ്പോൾ, ദയ തോന്നി ശിവൻ ഭക്തരുടെ മുമ്പാകെ പ്രത്യക്ഷപ്പെട്ടു എന്നാണ് ഐതിഹ്യം. തലയിൽ തേങ്ങ അടിച്ച് പൊട്ടിക്കുമ്പോൾ അതുവരെ ചെയ്ത പാപങ്ങൾ എല്ലാം തീരുമെന്നാണ് വിശ്വാസം. പുരുഷന്മാർ മാത്രമല്ല, സ്ത്രീകളും കുട്ടികളും ഇതിൽ പങ്കെടുക്കാറുണ്ട്. പാപം പോയാലും ഇല്ലെങ്കിലും, ചോര ഒരുപാട് പോകും. പലപ്പോഴും തലയോട്ടിക്ക് തന്നെ കാര്യമായ ക്ഷതവും സംഭവിക്കും.ഗുരുതരമായ പരിക്കുകൾക്ക് വിധേയരായ അനവധി ഭക്തരെയാണ് ഓരോവർഷവും ഡോക്ടർമാർ ചികിത്സിക്കുന്നത്.

അമ്പലത്തിലെ പൂജാരിമാർ വലിയ നാളികേരം കൊണ്ടുവന്ന്‌ കാത്തിരിക്കുന്ന ഭക്തരുടെ തലയോട്ടിയിൽ അടിച്ച് പൊട്ടിക്കും. പലയിടത്തുനിന്നും വേദനകുതിർന്ന കരച്ചിലുകളും അലറിവിളികളും കേൾക്കാം. ദൈവകോപം പേടിച്ച് വൈദ്യസഹായം തേടാൻ പോലും മടിക്കുന്ന ഭക്തരുമുണ്ട് അക്കൂട്ടത്തിൽ. ഈ ക്ഷേത്രത്തിനകത്ത് ഒരു പ്രത്യേക മ്യൂസിയമുണ്ട്.അവിടെ തേങ്ങയുടെ ആകൃതിയിലുള്ള നിരവധി കല്ലുകൾ പ്രദർശിപ്പിച്ചിരിക്കുന്നത് കാണാം.വർഷങ്ങൾക്ക് മുൻപ് ക്ഷേത്രത്തിന് ചുറ്റും ഒരു കോമ്പൗണ്ട് മതിൽ പണിയാൻ പ്രദേശവാസികൾ ശ്രമിച്ചപ്പോൾ കണ്ടെത്തിയതാണ് ഈ കല്ലുകൾ.