കൊല്ലം: തെരുവുനായ്ക്കൾ ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന സാഹചര്യത്തിൽ ഇവയുടെ നിയന്ത്രണത്തിന് ജില്ലയിൽ സ്ഥിരം സംവിധാനം ഏർപ്പെടുത്തുമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ തെരുവുനായ പ്രജനന നിയന്ത്രണ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പ്രാദേശിക പ്രശ്നങ്ങളെ തുടർന്ന് ഓരോ വർഷവും പ്രജനന നിയന്ത്രണ ശസ്ത്രക്രിയകൾ നടത്തുന്ന കേന്ദ്രങ്ങൾ മാറ്റേണ്ടി വരുന്നുണ്ട്. ഇക്കാര്യം സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇടപെട്ട് പരിഹരിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ജില്ലാ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിക്ക് അരക്കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
എട്ട് വെറ്ററിനറി സർജൻമാർ, 32 ഡോഗ് ഹാന്റ്ലർമാർ എന്നിവരെയാണ് ഇതിനായി നിയമിച്ചിട്ടുള്ളത്. ഗ്രാമ പഞ്ചായത്തുകളാണ് അടിസ്ഥാന സൗകര്യം ഒരുക്കേണ്ടത്. ഓച്ചിറ, പന്മന, പിറവന്തൂർ, കരവാളൂർ, പത്തനാപുരം, കരീപ്ര ചിതറ, പൂതക്കുളം, ആദിച്ചനല്ലൂർ, ഇളമ്പള്ളൂർ, ഉമ്മന്നൂർ പഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുക. തെരുവിൽ നിന്ന് പിടികൂടി ശസ്ത്രക്രിയാ കേന്ദ്രത്തിലെത്തിച്ച് വന്ധ്യംകരണത്തിന് വിധേയമാക്കിയ ശേഷം ആന്റിബയോട്ടിക്കുകൾ നൽകി മുറിവുണക്കി പേവിഷ പ്രതിരോധ കുത്തിവയ്പ്പും നൽകിയ ശേഷമാകും നായ്ക്കളെ തിരിച്ചുവിടുക.
കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ജി.എസ്. ജയലാൽ എം.എൽ എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി മുഖ്യാതിഥിയായി. നായ്ക്കുട്ടി ദത്തെടുക്കൽ പദ്ധതിയുടെ ഉദ്ഘാടനം ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സുഭാഷ് നിർവഹിച്ചു. ജില്ലാ സംരക്ഷണ ഓഫീസർ ഡോ. ഡി. സുഷമകാരി, ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഡി. നിഷ, എ.ബി.സി ജില്ലാ കോ ഓർഡിനേറ്റർ ഡോ. ഡി. ഷൈൻ കുമാർ, ജില്ലാ പഞ്ചായത്തംഗം എൻ.ര വീന്ദ്രൻ വെറ്ററിനറി അസോ. പ്രസിഡന്റ് ഡോ. കെ.കെ. തോമസ്, ഡോ. കെ.എസ്. സിന്ധു, ഡോ. അനീസ് ബഷീർ എന്നിവർ പങ്കെടുത്തു.