photo
കൊട്ടാരക്കര താലൂക്ക് ആശുപത്രിയ്ക്ക് അനുവദിച്ച ആംബുലൻസ്

കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയ്ക്ക് അത്യാധുനിക സംവിധാനങ്ങളുള്ള ആംബുലൻസ് സർവീസ് അനുവദിച്ചു. പി.ഐഷാപോറ്റി എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 24 ലക്ഷം രൂപ ചെലലവഴിച്ചാണ് അടിസ്ഥാന ജീവൻ രക്ഷാ സജ്ജീകരണങ്ങളുള്ള അഡ്വാൻസ് ലൈഫ് സപ്പോർട്ട്(എ.എൽ.എസ്) ആംബുലൻസ് ലഭ്യമാക്കിയത്.

അടിയന്തര വൈദ്യ സഹായം

അത്യാസന്ന ഘട്ടങ്ങളിൽ ലഭിക്കേണ്ട ചികിത്സകൾ ആംബുലൻസിൽത്തന്നെ ലഭിക്കുന്നതിന് സൗകര്യമുണ്ടാകും. ഓക്സിജൻ സിലിണ്ടർ, വെന്റിലേറ്റർ സൗകര്യം എന്നിവ ഇതിനുള്ളിലുണ്ട്. കാർഡിയാക് മോണിറ്ററിംഗ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. താലൂക്ക് ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുപോകേണ്ട സന്ദർഭങ്ങളിൽ യാത്രാ മദ്ധ്യേയുള്ള അടിയന്തര വൈദ്യ സഹായങ്ങളും ലഭ്യമാക്കാൻ സംവിധാനമുണ്ട്. മെഡിക്കൽ സ്റ്റാഫുകൾ അടക്കം പതിനൊന്നുപേർക്ക് യാത്ര ചെയ്യാവുന്ന സൗകര്യവുമുണ്ടെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം കൊട്ടാരക്കര സബ് ജയിലിനും എം.എൽ.എ ഫണ്ടിൽ നിന്നുമുള്ള ആംബുലൻസ് കൈമാറിയിരുന്നു.

താലൂക്ക് ആശുപത്രിയ്ക്ക് അനുവദിച്ച ഹൈടെക് ആംബുലൻസ് രോഗികൾക്ക് ഗുണകരമാകും. രോഗികളുമായി പോകുമ്പോൾ വഴിമദ്ധ്യേ ചികിത്സ കിട്ടാതെ മരണപ്പെട്ട ഒട്ടേറെ സംഭവങ്ങളുണ്ട്. അത്തരം മരണങ്ങൾ ഒഴിവാക്കും വിധത്തിലാണ് പുതിയ ആംബുലൻസിലെ ക്രമീകരണം. താലൂക്ക് ആശുപത്രി മിനി മെഡിക്കൽ കോളേജായി വികസിക്കുന്നതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയാണ്. അക്കൂട്ടത്തിൽ അഡ്വാൻസ് ലൈഫ് സപ്പോർട്ട് ആംബുലൻസുകൂടി ലഭ്യമായത് വലിയ ഗുണംചെയ്യുമെന്നാണ് പ്രതീക്ഷ.

പി.ഐഷാപോറ്റി എം.എൽ.എ