pa-azeez
പി.എ. അസീസ് അനുസ്മരണം പി.ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, എ. ഷാനവാസ്ഖാൻ, കെ.സി. രാജൻ, പ്രൊഫ.ഇ. മേരീദാസൻ, സൂരജ് രവി, നാസർ അസീസ് എന്നിവർ സമീപം

ഇരവിപുരം: ഭരണകൂടത്തിന്റെ ഒളിത്താവളമായി ഊരാളുങ്കൽ സൊസൈറ്റി മാറിയെന്ന് പി.ടി. തോമസ് എം.എൽ.എ പറഞ്ഞു. പിണറായിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനും ഊരാളുങ്കൽ സൊസൈറ്റിയുമായുള്ള ബന്ധം ദുരൂഹമാണ്‌. കൊല്ലം കോർപ്പറേഷൻ ഭരണം പിടിക്കുന്നതിനായി ഊരാളുങ്കൽ സർവേ നടത്തുന്നതായാണ് വിവരമെന്നും എം.എൽ.എ പറഞ്ഞു.

ട്രേഡ് യൂണിയൻ നേതാവും മുൻ ഡി.സി.സി പ്രസിഡന്റുമായിരുന്ന പി.എ. അസീസിന്റെ 41-ാമത് ചരമവാർഷികത്തോടനുബന്ധിച്ച് കൊല്ലൂർവിള പള്ളിമുക്കിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിൽ എന്നും സത്യസന്ധത പുലർത്തിയിരുന്ന നേതാവായിരുന്നു പി.എ. അസീസെന്നും കോൺഗ്രസിനായി അദ്ദേഹം നൽകിയ സംഭാവനകൾ ചെറുതല്ലെന്നും എം.എൽ.എ പറഞ്ഞു.

പി.എ. അസീസ് സ്മാരക സമിതി ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് നൽകുന്ന എൻഡോവ്മെന്റുകൾ ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ വിതരണം ചെയ്തു. എ. ഷാനവാസ് ഖാൻ അദ്ധ്യക്ഷത വഹിച്ചു. കെ.സി. രാജൻ, പ്രൊഫ. ഇ. മേരീദാസൻ, സൂരജ് രവി, നാസർ അസീസ് തുടങ്ങിയവർ സംസാരിച്ചു.