കുന്നത്തൂർ: ഞാങ്കടവ് പാലത്തിൽ നിന്നും കല്ലടയാറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് അച്ഛനും മകനും രക്ഷകരായി. ഇന്നലെയായിരുന്നു സംഭവം.പുത്തൂർ ആറ്റുവാശേരി സ്വദേശിയാണ് പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടിയത്. ഈ സമയം പാലത്തിന്റെ താഴെ കടവിനോട് ചേർന്ന ഭാഗത്ത് ജോലി ചെയ്തു കൊണ്ടിരുന്ന ഐവർകാല സ്വദേശി ശശിധരൻ പിള്ളയാണ് വെള്ളത്തിൽ മുങ്ങിത്താണ യുവാവിനെ കണ്ടത്.മറ്റൊന്നും ചിന്തിക്കാതെ അദ്ദേഹം ആറ്റിലേക്ക് ചാടുകയും യുവാവിനെ കരയിലെത്തിക്കാൻ ശ്രമം നടത്തുകയും ചെയ്തെങ്കിലും പൂർണതോതിൽ വിജയിച്ചില്ല. തുടർന്നാണ് കരയിൽ നിൽക്കുകയായിരുന്ന മകൻ ശ്യാമും ആറ്റിലേക്ക് ചാടിയത്.ഇരുവരും ചേർന്ന് സാഹസികമായാണ് യുവാവിനെ കരയ്ക്കെത്തിച്ചത്. സംഭവമറിഞ്ഞ് ശാസ്താംകോട്ട, പുത്തൂർ പൊലീസും സ്ഥലത്തെത്തിയിരുന്നു.