കൊട്ടാരക്കര: പുത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈടെക് കെട്ടിട സമുച്ചയത്തിന്റെ സമർപ്പണത്തിന് പിന്നാലെ അന്താരാഷ്ട്ര നിലവാരത്തോടു കൂടിയ ഇംഗ്ലീഷ് ലാംഗ്വേജ് ലാബും തുടങ്ങി. ജില്ലാ പഞ്ചായത്ത് അനുവദിച്ച 5 ലക്ഷം രൂപ ഉപയോഗിച്ചാണ് അത്യാധുനിക സൗകര്യത്തോടെയുള്ള ലാംഗ്വേജ് ലാബ് സജ്ജമാക്കിയത്. ഇംഗ്ലീഷ് ഭാഷാ പ്രയോഗം മെച്ചപ്പെടുത്തുന്നതിനും,ഉച്ചാരണശുദ്ധി ഉറപ്പുവരുത്തുന്നതിനും ഉതകുന്ന സോഫ്റ്റ്‌വെയർ അടങ്ങുന്ന ലാംഗ്വേജ് ലാബ് അന്താരാഷ്ട്ര നിലവാരത്തിലാണ് ഒരുക്കിയിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് അംഗം ആർ. രശ്മി ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും പി.ടി.എ പ്രസിഡന്റുമായ എസ്.ശശികുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ മുഖ്യപ്രഭാഷണം നടത്തി. എച്ച്.എം എം.ജലജ, വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസ് സീനിയർ സൂപ്രണ്ട് ഹരിസുതൻ,എസ്.എം.സി ചെയർമാൻ മൈലംകുളം ദിലീപ്, പി.ടി.എ വൈസ് പ്രസിഡന്റ് മോഹനൻ പിള്ള, സ്കൂൾ സ്റ്റാഫ് സെക്രട്ടറി അരുൺകുമാർ എന്നിവർ സംസാരിച്ചു.