കൊല്ലം: ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളായ അഞ്ചൽ മലമേലും മുട്ടറ മരുതിമലയിലും അഞ്ച് വർഷത്തിനുള്ളിൽ ഔഷധ വൃക്ഷങ്ങൾ തലയുയർത്തി നിൽക്കുന്ന കാടൊരുങ്ങും. രണ്ടിടങ്ങളിലും 'മിയാവാക്കി' മാതൃകയിൽ ഔഷധവനമൊരുക്കാനുള്ള പദ്ധതിക്ക് ടൂറിസം വകുപ്പ് അനുമതി നൽകി.
രണ്ടിടങ്ങളിലും പത്ത് സെന്റ് സ്ഥലത്താകും വനം സൃഷ്ടിക്കുക. ഇതിൽ ഏഴ് സെന്റ് സ്ഥലത്താകും ഔഷധവൃക്ഷങ്ങൾ. ബാക്കിയുള്ള സ്ഥലത്ത് സന്ദർശകരെ ആകർഷിക്കാനുള്ള പൂച്ചെടികളും അലങ്കാരവൃക്ഷങ്ങളുമാകും. ഒരു സെന്റിൽ 160 വൃക്ഷങ്ങളാകും വച്ചുപിടിപ്പിക്കുക. രണ്ട് വർഷം കഴിയുമ്പോൾ വനത്തിനുള്ളിൽ പ്രവേശിക്കാൻ സന്ദർശകർക്ക് അനുമതി നൽകും. ഇപ്പോൾ തന്നെ അപൂർവങ്ങളായ ഔഷധസസ്യങ്ങളും വൃക്ഷങ്ങളുമുള്ള മേഖലയാണ് മലമേൽ.
മലമേലിൽ തീർത്ഥാടന ടൂറിസം പദ്ധതിയും മരുതിമലയിൽ ഇക്കോടൂറിസം പദ്ധതിയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടപ്പാക്കിവരികയാണ്. ഡിസംബറോടെ രണ്ടിടങ്ങളിലും വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ച് തുടങ്ങും. രണ്ടിടത്തുമായി ഏകദേശം 2,560 വൃക്ഷത്തൈകളാകും വച്ചുപിടിപ്പിക്കുക.
വനം ഒരുക്കുന്നത്: 10 സെന്റിൽ
ഔഷധവൃക്ഷങ്ങൾ: 7 സെന്റ്
അലങ്കാരവൃക്ഷങ്ങൾ: 3 സെന്റ്
ഒരു സെന്റിലെ വൃക്ഷങ്ങൾ: 160
എന്താണ് മിയാവാക്കി
1. ജപ്പാനിൽ ആരംഭിച്ച വേഗത്തിലുള്ള വനവത്കരണ മാതൃകയാണ് മിയാവാക്കി
2. അഞ്ച് വർഷത്തിനുള്ളിൽ വൃക്ഷങ്ങൾ 25 മുതൽ 30 വർഷത്തെ വരെ സ്വാഭാവിക വളർച്ച നേടും
3. പത്ത് വർഷത്തിനുള്ളിൽ നൂറ് വർഷത്തെ വളർച്ചയുള്ള കൊടുംകാടായി മാറും
4. തൈകൾ നടുന്ന രീതിയാണ് ഈ വളർച്ച സൃഷ്ടിക്കുന്നത്
5. അഞ്ചടിയോളം താഴ്ചയിൽ കുഴിയെടുത്ത ശേഷം ചാണകം അടക്കമുള്ള വളങ്ങൾ നിറച്ച ശേഷം മുകളിലാണ് വൃക്ഷത്തൈകൾ നടുക
6. വേര് പിടിക്കുമ്പോൾ തന്നെ ആവശ്യത്തിലേറെ വളം ലഭിക്കുന്നതിനാൽ തൈകൾ വേഗത്തിൽ വളർന്ന് പന്തലിക്കും
വളർത്തുന്ന ഔഷധ വൃക്ഷങ്ങൾ
മരോട്ട് താന്നി പുന്ന നെല്ലി നീർമരുത് ആര്യവേപ്പ് കൂവളം ഇരിപ്പ പലകപച്ചാനി അശോകം അത്തി എല്ലൂറ്റിപച്ച
''
കഴിഞ്ഞ ജൂണിൽ ആശ്രാമത്ത് മിയാവാക്കി മാതൃകയിൽ നട്ട വൃക്ഷത്തൈകൾ പത്തടിയോളം ഉയരത്തിൽ വളർന്നുകഴിഞ്ഞു. ഒന്നരവർഷത്തിനുള്ളിൽ ഇവിടം നഗരഹൃദയത്തിലെ കൊടുംകാടായി മാറുമെന്നാണ് പ്രതീക്ഷ.
ടൂറിസം വകുപ്പ്