കൊല്ലം: കഴിഞ്ഞ 20 വർഷമായി ചുവന്ന് നിൽക്കുകയാണ് കൊല്ലം നഗരം. വീണ്ടും അതാവർത്തിക്കുമോ, അതോ കോർപറേഷൻ ആദ്യമായി വലത്തോട്ടു ചായുമോ?. എൽ.ഡി.എഫും യു.ഡി.എഫും ഇഞ്ചോടിഞ്ച് പോരിനിറങ്ങുമ്പോൾ കൂടുതൽ സീറ്റ് നേടാനുള്ള കഠിനശ്രമത്തിലാണ് എൻ.ഡി.എ. മൂന്നു മുന്നണികളുടെയും സ്ഥാനാർത്ഥി നിർണയ ചർച്ച അന്തിമഘട്ടത്തിലാണ്. ഇത്തവണ വനിതാമേയറാണ്.കൊല്ലം മുനിസിപ്പാലിറ്റിയായിരുന്നൾ തുടർച്ചയായി യു.ഡി.എഫ് ഭരണം ഉണ്ടായിട്ടുണ്ട്. പക്ഷേ, 2000ത്തിൽ കോർപറേഷൻ ആയത് മുതൽ അവർ പ്രതിപക്ഷത്താണ്. ഈ ദുരവസ്ഥ പരിഹരിച്ച് അട്ടിമറി വിജയത്തിനാണ് യു.ഡി.എഫ് ശ്രമം. അതേസമയം, കഴിഞ്ഞതവണ ആദ്യമായി കോർപറേഷനിൽ രണ്ട് ഡിവിഷനുകളിൽ വിജയിച്ച ബി.ജെ.പി ഇത്തവണ കുറഞ്ഞത് പത്ത് സീറ്റെങ്കിലും പിടിച്ചെടുക്കുമെന്ന വാശിയിലാണ്.
കാര്യമായ കോലാഹലങ്ങളില്ലാതെയാണ് കൊല്ലം നഗരഭരണം മുന്നോട്ട് പോയത്. പ്രതിപക്ഷത്തേക്കാൾ ഭരണപക്ഷ കക്ഷികളായ സി.പി.എമ്മും സി.പി.ഐയും തമ്മിലായിരുന്നു പല കാര്യങ്ങളിലും വലിയ തർക്കം.
മേയർ സ്ഥാനാർത്ഥികൾ
സി.പി.എം ജില്ലാ കമ്മിറ്റി അംഗം പ്രസന്ന ഏണസ്റ്റാണ് ഇടതു മുന്നണിയുടെ മേയർ സ്ഥാനാർത്ഥി. ആദ്യ രണ്ട് ഭരണസമിതികളുടെ കാലത്ത് അഞ്ചു വർഷവും സി.പി.എമ്മിന് തന്നെയായിരുന്നു മേയർ. ആർ.എസ്.പി മുന്നണി വിട്ടതോടെ അവസാന ഒരു വർഷം സി.പി.ഐക്ക് മേയർ സ്ഥാനം നൽകി. യു.ഡി.എഫിൽ ഡോ. കരുമാലിൽ ഉദയസുകുമാരൻ, ശാന്തിനി ശുഭദേവൻ, ലൈലാകുമാരി എന്നിവരെയാണ് മേയർ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത്.
നിലവിൽ കൗൺസിലറും ബി.ജെ.പി ജില്ലാ സെക്രട്ടറിയുമായ ബി. ഷൈലജ, മങ്ങാട് മത്സരിക്കുന്ന ഡോ. ബീന, കച്ചേരിയിലെ സ്ഥാനാർത്ഥി സുനിത മുരളി എന്നിവരുടെ പേരുകളാണ് ബി.ജെ.പി കേന്ദ്രങ്ങളിൽ ഉയർന്നു കേൾക്കുന്നത്.
പ്രധാന ചർച്ചാവിഷയങ്ങൾ
1. കത്താത്ത തെരുവ് വിളക്കുകൾ
2. എങ്ങും കുന്നുകൂടുന്ന മാലിന്യം
3. വികസന മുരടിപ്പ്
4. പരാജയപ്പെട്ട മാലിന്യസംസ്കരണ പദ്ധതികൾ
5. എൽ.ഇ.ഡി പദ്ധതി കരാറിലെ അഴിമതി ആരോപണം
നിലവിലെ കക്ഷിനില
എൽ.ഡി.എഫ്: 37
സി.പി.എം -25
സി.പി.ഐ- 12
യു.ഡി.എഫ്: 15
കോൺഗ്രസ് -11
ആർ.എസ്.പി-4
ബി.ജെ.പി: 2
എസ്.ഡി.പി.ഐ: 1
ആകെ-55