കൊല്ലം: ബൈക്കിലെത്തി മത്സ്യവിൽപ്പനക്കാരിയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ ഒരാളെ ചാത്തന്നൂർ പൊലീസ് പിടികൂടി. തിരുവനന്തപുരം പാറശാല സ്വദേശി മനീഷാണ് (26) പിടിയിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ഒരാൾ കൂടി പിടിയിലാകാനുണ്ട്.
കഴിഞ്ഞ മാസം 31ന് ചാത്തന്നൂർ ഊറാൻവിളയിൽ ശക്തികുളങ്ങരയിൽ നിന്ന് മത്സ്യവിൽപ്പനയ്ക്കെത്തിയ സെന്റ് ജോർജ് തുരുത്തിൽ ഷീലയുടെ (44) രണ്ടര പവൻ മാല പൊട്ടിച്ച കേസിലാണ് മനീഷ് പിടിയിലായത്. മാലപൊട്ടിച്ച ശേഷം പ്രതികൾ രക്ഷപ്പെട്ട ബൈക്കും പിടികൂടിയിട്ടുണ്ട്. ഷീലയുടെ പരാതിയിൽ ചാത്തന്നൂർ പൊലീസ് അസി. കമ്മിഷണർ ഷൈനു തോമസ്, സി.ഐ ജസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
മനീഷിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൂട്ടുപ്രതിക്കായി തെരച്ചിൽ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. മനീഷിനെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയിൽ ഹാജരാക്കും.