കൊല്ലം: പി.എസ്. സുപാലിനെ കൊല്ലത്തുകാർക്ക് മാത്രമല്ല കേരള ജനതയ്ക്കാകെ അറിയാം. സി.പി.ഐയ്ക്കൊരു യുവജന വിഭാഗമുണ്ടെന്നും അതിന് ഇത്രത്തോളം കരുത്തുണ്ടെന്നും തെളിയിച്ച നേതാവായിരുന്നു സുപാൽ. എ.ഐ.വൈ.എഫിനെ നയിക്കുമ്പോൾ പൊലീസിന്റെ അടിയേറ്റ് തലപൊട്ടി ചോരവാർന്ന് നിൽക്കുന്ന സുപാലിന്റെ മുഖം അങ്ങനെയങ്ങ് ആർക്കും മറക്കാനാവില്ല.
സമരവീര്യത്തിലൂടെ യുവാക്കളുടെ ഹരമായി മാറിയ സുപാലിനെ ചെറിയൊരു അഭിപ്രായ ഭിന്നതയുടെ പേരിൽ സസ്‌പെൻഡ് ചെയ്യേണ്ടതുണ്ടോ ? സുപാലുമായി വഴക്കിട്ടവർക്കെതിരെയും നടപടി വേണ്ടേ ? തമ്പുരാൻ തെറ്റുചെയ്താൽ താളിയോലയിലെഴുതി തമ്പുരാനെയും താളിയോലയെയും ത്രാസിൽ തൂക്കി താഴ്ന്ന തട്ടിലുള്ളവർ തെറ്റുകാരല്ലെന്ന് പ്രഖ്യാപിക്കുന്ന കാട്ടുനീതിയല്ലേ ഇത് ?
ചെറുപ്രായത്തിൽ തന്നെ നേതാവായ കുറച്ചുപേരിൽ ഒരാളാണ് പാർട്ടിയെ സ്വജീവനായി കൊണ്ടുനടക്കുന്ന സുപാൽ. വള്ളിനിക്കറിട്ട കാലം മുതൽക്കേ അച്ഛന് പിന്നാലെ പാർട്ടിയിലെത്തിയ കറകളഞ്ഞൊരു സഖാവ്. എടാ പോടാന്ന് വിളിച്ച് കൈക്രിയകൾ കാണിച്ചാൽ ആരായാലും പ്രതികരിക്കും. കൊട്ടാരക്കരയിലെ ലൈബ്രറി കൗൺസിൽ യോഗത്തിലും അതാണുണ്ടായത്.
ജില്ലയിലെ 13 സംസ്ഥാന സമിതിയംഗങ്ങളും സുപാലിനെതിരായ തീരുമാനത്തെ എതിർത്തു. മന്ത്രി ചന്ദ്രശേഖരനും പിന്താങ്ങിയില്ല. 14 ജില്ലാ സെക്രട്ടറിമാരിൽ രണ്ടുപേരൊഴികെ ആരും തീരുമാനത്തോട് യോജിച്ചില്ല. ഭൂരിപക്ഷം നേതാക്കളെയും എതിർത്ത് കാനം ഇത്തരമൊരു തീരുമാനമെടുത്തതിന് പിന്നിലെ ചേതോവികാരമെന്തെന്ന് കാലം തെളിയിച്ചേക്കും.
സുപാലിന്റെ അച്ഛൻ കൈപിടിച്ചുയർത്തിയ, പല പ്രതിസന്ധികളിൽ നിന്നും രക്ഷിച്ചെടുത്ത പഴയ മന്ത്രിയൊക്കെയായിരുന്ന ചിലർ നടപടിയെ അനുകൂലിച്ചത് പലരെയും വിഷമിപ്പിച്ചിട്ടുണ്ട്. മന്ത്രിസ്ഥാനം കിട്ടാതായപ്പോൾ സമാധാനിപ്പിച്ച് പാർട്ടിയിൽ നിറുത്തിയതും പണ്ട് ലതാദേവിക്ക് സീറ്റ് കൊടുത്തപ്പോൾ എങ്ങോ മുങ്ങിയതുമൊക്കെ നാട്ടുകാർക്കറിയാം. അന്ന് പാർട്ടി നടപടിയിൽ നിന്ന് ചിലരെ രക്ഷിച്ചത് സുപാലിന്റെ അച്ഛനായിരുന്നു. അതുപോലും പലരും മറന്നു.
വെളിയം മുതൽ ചന്ദ്രപ്പൻ വരെ നട്ടെല്ല് നിവർത്തി നയിച്ച പാർട്ടിയിൽ വിശ്വസിക്കുന്ന ഒരുപാട് അടിസ്ഥാന വർഗക്കാർ ഇപ്പോഴുമുണ്ട്. ഒരാൾക്കെതിരെ മാത്രം നടപടിയെടുത്താൽ അത് വിഭാഗീയതയെ ഇല്ലാതാക്കുമോ. അതോ ബോധപൂർവം സി.പി.ഐയുടെ സഖാക്കൾ തന്നെ പാർട്ടിയിൽ പുതിയ വിഭാഗീയത സൃഷ്ടിക്കുന്നുവോ...