kacha

 മൂന്ന് ജില്ലാ കമ്മിറ്റിയംഗങ്ങൾ മത്സരരംഗത്ത്

കൊല്ലം: ജില്ലാ പഞ്ചായത്തിൽ ഭരണത്തുടർച്ച ലഭിച്ചാൽ ജില്ലാ സെക്രട്ടേറിയറ്റംഗം എൻ.എസ്. പ്രസന്നകുമാറിനെ പ്രസിഡന്റാക്കാൻ സി.പി.എമ്മിൽ ധാരണ. ഇതിനായി ജില്ലാ പഞ്ചായത്ത് കൊറ്രങ്കര ഡിവിഷനിൽ നിന്ന് പ്രസന്നകുമാറിനെ മത്സരിപ്പിക്കാൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. എൻ.എസ്. പ്രസന്നകുമാർ ഉൾപ്പെടെ മൂന്ന് ജില്ലാ കമ്മിറ്റിയംഗങ്ങളാണ് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുക. സി.ബാൾഡുവിൻ കുണ്ടറയിലും സി.പി.എം കുന്നത്തൂർ ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റിയംഗവുമായ പി.കെ.ഗോപൻ കുന്നത്തൂരിലും മത്സരിക്കും. കുന്നത്തൂരിൽ പുതിയ ഏരിയാ സെക്രട്ടറിയെ തിരഞ്ഞെടുക്കും. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി പി.അനന്തു തലവൂർ ഡിവിഷനിൽ നിന്ന് ജനവിധി തേടും. ഇത്തവണ കൂടുതൽ വിദ്യാർത്ഥി- യുവജന നേതാക്കൾക്ക് കൂടി സ്ഥാനാർത്ഥി നിർണയത്തിൽ പരിഗണന ലഭിച്ചു. സ്ഥാനാർത്ഥികളെ സംബന്ധിച്ച് ജില്ലാ കമ്മിറ്റി ധാരണയിലെത്തിയെങ്കിലും രണ്ട് ദിവസത്തിന് ശേഷം മാത്രമേ പ്രഖ്യാപനമുണ്ടാകാൻ സാദ്ധ്യതയുള്ളൂ. 26 അംഗ ജില്ലാ പഞ്ചായത്തിൽ കഴിഞ്ഞ തവണ 15 സീറ്റുകളിൽ സി.പി.എമ്മും 10 സീറ്റുകളിൽ സി.പി.ഐയും ഒരു സീറ്റിൽ കേരളാ കോൺഗ്രസും (ബി) ആണ് മത്സരിച്ചത്. എന്നാൽ ഇത്തവണ കേരളാ കോൺഗ്രസ് ജോസ്.കെ. മാണി വിഭാഗം കൂടി എത്തിയതിനാൽ വിട്ടുവീഴ്ചയ്ക്ക് സി.പി.എമ്മും തയ്യാറാകും.