polachira
പോളച്ചിറ ഏലായിൽ നടപ്പാക്കുന്ന കൂടൊരുക്കാം പദ്ധതിയുടെ ഉദ്ഘാടനം ഇത്തിക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. ലൈലയും ചിറക്കര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.ആർ. ദീപുവും ചേർന്ന് ഹാർട്ട്‌ ഫോർ എർത്ത് സ്ഥാപകൻ അലൈൻ ഐറിക് ലാലിൽ നിന്ന് വൃക്ഷത്തൈ ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: ദേശാടനക്കിളികളുടെ വിഹാര കേന്ദ്രമായ പോളച്ചിറ ഏലായിൽ അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയായ ഹാർട്ട്‌ ഫോർ എർത്ത്, ഇത്തിക്കര ബ്ലോക്ക്‌ പഞ്ചായത്ത്, ചിറക്കര ഗ്രാമപഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ 'കൂടൊരുക്കാം' പദ്ധതിക്ക് തുടക്കമായി. പോളച്ചിറ ഏലായുടെ ജൈവവൈവിദ്ധ്യത്തെ നിലനിറുത്തി ദേശാടനക്കിളികളുടെ ആവാസവ്യവസ്ഥ പരിപാലിക്കുവാൻ ഉതകുന്ന ഫലവൃക്ഷങ്ങളും തണൽ വൃക്ഷങ്ങളും ചുറ്റുമുള്ള പാതയോരങ്ങളിൽ വച്ചുപിടിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

56 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര പരിസ്ഥിതി സംരക്ഷണ സംഘടനയായ ഹാർട്ട്‌ ഫോർ എർത്തിന്റെ സ്ഥാപകനും കൊല്ലം മുണ്ടയ്ക്കൽ സ്വദേശിയുമായ ഒൻപത് വയസുകാരൻ അലൈൻ ഐറിക് ലാലാണ് പദ്ധതി വിഭാവനം ചെയ്തത്. പോളച്ചിറയിൽ നടന്ന ചടങ്ങിൽ ഇത്തിക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. ലൈലയും ചിറക്കര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.ആർ. ദീപുവും ചേർന്ന് അലൈനിൽ നിന്ന് വൃക്ഷത്തൈകൾ ഏറ്റുവാങ്ങി പദ്ധതി ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക്‌ പഞ്ചായത്ത്‌ മുൻ വൈസ് പ്രസിഡന്റ്‌ എ. സുന്ദരേശൻ, ചിറക്കര ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബിന്ദു സുനിൽ, ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി എസ്. ശംഭു, ബ്ലോക്ക്‌ പഞ്ചായത്ത്‌ ജീവനക്കാരായ ആർ.വി. അരുണ, എസ്.ടി. ജയറാം, കെ. അജയകുമാർ, ആർ. സുഭാഷ്, നിതിൻ, ഹാർട്ട്‌ ഫോർ എർത്ത് ഡയറക്ടർ ഡോ. കെ. മോഹൻലാൽ, ഡോ. ദേവിരാജ്, യൂത്ത് കോ ഓർഡിനേറ്റർ അഖില എന്നിവർ പങ്കെടുത്തു.