സ്‌റ്റേഷനിലും പരിസരത്തും വെളിച്ചം തെളിക്കണം
കൊട്ടിയം: ഒരുമാസത്തോളമായി അരങ്ങേറിയ ബഹുജന പ്രക്ഷോഭങ്ങൾക്കൊടുവിൽ വേണാട് എക്സ്പ്രസിന്റെ മയ്യനാട് റെയിൽവേ സ്റ്റേഷനിലെ സ്റ്റോപ്പ് പുനസ്ഥാപിച്ചു. ഇന്നലെ രാവിലെ ആറ് മണിയോടെ തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി ഷൊർണൂരിലേക്ക് പോയ വേണാട് മയ്യനാട് സ്റ്റേഷനിലെത്തിയപ്പോൾ ഹാരാർപ്പണം നടത്തിയും പടക്കം പൊട്ടിച്ചും ഉത്സവാരവങ്ങളോടെയാണ് നാട്ടുകാർ സ്വീകരിച്ചത്. രാത്രി 8.20ന് തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിലും സ്വീകരണം നൽകാൻ ജനങ്ങൾ ഒത്തുകൂടി.
അതേസമയം റെയിൽവേ സ്റ്റേഷനും പരിസരവും വെളിച്ചം തെളിക്കാൻ നടപടി സ്വീകരിക്കാത്തതിൽ നാട്ടുകാരും യാത്രക്കാരും പ്രതിഷേധത്തിലാണ്. റെയിൽവേ സ്റ്റേഷന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാതെ റെയിൽവേ അധികൃതർ അവഗണന തുടർന്നാൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ തുടർന്നും ആരംഭിക്കാനൊരുങ്ങുകയാണ് മയ്യനാട്ടുകാർ.