കൊല്ലം: ചരിത്രപ്രസിദ്ധമായ താലൂക്ക് കച്ചേരി ജംഗ്ഷന്റെ പേര് ഒറ്റരാത്രി കൊണ്ട് മാറിമറിഞ്ഞു. ജംഗ്ഷനിലെ തിരുവനന്തപുരത്തേക്കുള്ള ബസ് സ്റ്റാൻഡിൽ ഇപ്പോൾ വേളാങ്കണ്ണി പള്ളി ജംഗ്ഷൻ എന്നാണ് എഴുതിയിരിക്കുന്നത്. നേരം ഇരുട്ടിവെളുത്തപ്പോൾ സ്ഥലപ്പേര് മാറിയത് കണ്ട് യാത്രക്കാരും നാട്ടുകാരുമെല്ലാം അന്ധാളിച്ച് നിൽക്കുകയാണ്.
എം. മുകേഷ് എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് പുതുതായി സ്ഥാപിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് പുത്തൻ സ്ഥലപ്പേര് പ്രത്യക്ഷപ്പെട്ടത്. എന്നാൽ കഷ്ടിച്ച് നൂറ് മീറ്റർ അപ്പുറമുള്ള കളക്ടറേറ്റ് ഭാഗത്തേക്കുള്ള ബസ് സ്റ്റാൻഡിന് ഇപ്പോഴും താലൂക്ക് ജംഗ്ഷൻ എന്നുതന്നെയാണ് പേര്.
ബൈപാസ് വന്നതോടെ മേവറം മുതൽ കാവനാട് വരെയുള്ള പഴയ ദേശീയപാത ഇപ്പോൾ പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലാണ്. സാധാരണ പൊതുമരാമത്ത് റോഡുകൾക്കോ വക്കിലുള്ള ജംഗ്ഷനുകൾക്കോ പേരിടുമ്പോൾ വകുപ്പുമായി അലോചിക്കേണ്ടതാണ്. പ്രധാന രേഖകളിലടക്കമുള്ള പ്രധാനപ്പെട്ട സ്ഥലങ്ങളുടെ പേര് മാറ്റുമ്പോൾ സർക്കാരിന്റെ അനുമതി വേണമെന്നും ഉദ്യോഗസ്ഥർ പറയുന്നു. പക്ഷെ താലൂക്ക് കച്ചേരി ജംഗ്ഷന്റെ പേര് മാറ്റത്തിൽ ഇതൊന്നും ഉണ്ടായിട്ടില്ല.
വട്ടംകറക്കും ഈ പേര്
പുതിയ പേര് മാറ്റത്തിന് പിന്നിൽ ചില പ്രത്യേക ലക്ഷ്യങ്ങളുണ്ടെന്ന ആരോപണം ശക്തമായിട്ടുണ്ട്. ജനങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസം ശക്തമായിട്ടും ബോർഡിലെ പേര് മാറ്റാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ല. കൊല്ലത്തുകാർക്കെല്ലാം താലൂക്ക് കച്ചേരി ജംഗ്ഷൻ നന്നായി അറിയാം. പക്ഷെ ദൂരസ്ഥലങ്ങളിൽ നിന്ന് താലൂക്ക് കച്ചേരി ജംഗ്ഷൻ തിരക്കി വരുന്നവർ വട്ടംകറങ്ങും.
പേരിന് പിന്നിൽ
വേലുത്തമ്പിയുടെ കാലത്ത് അദ്ദേഹത്തിന് തങ്ങാനും ഭരണകാര്യങ്ങൾ നോക്കാനുമായി നിർമ്മിച്ചതാണ് ഇപ്പോഴുള്ള പഴയ താലൂക്ക് ഓഫീസ് കെട്ടിടം. വേലുത്തമ്പിയുടെ കാലത്ത് തന്നെ ഇത് കസബ ജയിലായെന്ന് ചരിത്രകാരന്മാർ പറയുന്നു. പിന്നീട് കേണൽ മൺറോയുടെ കാലത്താണ് കച്ചേരിയാക്കിയത്. അന്ന് മുതൽ ഈ പേരിലാണ് ഇവിടം അറിയപ്പെടുന്നത്.