navas
ഉപരികുന്ന്‌ ക്ഷേത്രവും സമീപമുള്ള കുന്നും. ആകാശക്കാഴ്ച

ശാസ്താംകോട്ട: കൊല്ലം- തേനി ദേശീയ പാതയുടെ വികസനത്തിന് കടപുഴയിലെ ഉപരികുന്ന് അധികൃതർക്ക് തലവേദനയാകുന്നു. നാഷണൽ ഹൈവേ അതോറിറ്റിയും മോട്ടോർ വാഹന വകുപ്പും തീവ്ര അപകട സാദ്ധ്യതാ മേഖലയായി പ്രഖ്യാപിച്ച പ്രദേശമാണ് കടപുഴ.അപകടം പതിവായ കടപുഴയിലെ കൊടും വളവിൽ നിരവധി ജീവനുകളാണ് നഷ്ടപ്പെട്ടിട്ടുള്ളത്. റോഡു വികസനത്തിന് പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കുന്നിന്റെ ഭാഗങ്ങൾ നീക്കേണ്ടി വരുമെന്നതാണ് പുതിയ പ്രതിസന്ധി.

ഉപരികുന്ന്

കല്ലടയാറിന്റെ തീരത്ത് ശാസ്താംകോട്ട-പടിഞ്ഞാറേ കല്ലട പഞ്ചായത്തുകളുടെ അതിർത്തിയിലാണ് ഉപരികുന്ന്.നൂറടിയോളം ഉയരത്തിലുള്ള കുന്നിന് മുകളിലാണ് മഹാവിഷ്ണുക്ഷേത്രം സ്ഥിതിചെയ്യുന്നത്.

പ്രതിഷേധം

കുന്നിടിച്ചാൽ ജൈവ വൈവിദ്ധ്യങ്ങളുടെ കലവറയായ ഉപരി കുന്നിന് ക്ഷതം സംഭവിക്കുകയും കുന്നിൻ മുകളിലുള്ള ഉപരികുന്നം മഹാവിഷ്ണു സ്വാമി ക്ഷേത്രത്തിനും അനുബന്ധ കെട്ടിടങ്ങൾക്കും ഭീഷണിയാകുമെന്നുമറിഞ്ഞതോടെയാണ് പ്രതിഷേധവുമായി ഒരു വിഭാഗമെത്തിയത്. ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ചപ്പോൾ മാത്രമാണ് നാട്ടുകാരും വിവരം അറിയുന്നത്. കുന്നിന്റെ ഒരു വശം ഇടിക്കാൻ തീരുമാനമെടുത്തതായും ദിവസങ്ങൾക്കുള്ളിൽ കുന്നിടിച്ചു നീക്കുന്ന പ്രവർത്തികൾ ആരംഭിക്കുമെന്നും ഉദ്യോഗസ്ഥർ - അറിയിച്ചതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത് വരികയായിരുന്നു. നിലവിലെ അലൈൻമെന്റിൽ മാറ്റം വരുത്തി കുന്നിനെ സംരക്ഷിച്ച് ഹൈവേ വികസനം യാഥാർത്ഥ്യമാക്കണമെന്ന ആവശ്യവുമായി രാഷ്ട്രീയ പാർട്ടികളും പരിസ്ഥിതി സംഘടനകളും രംഗത്ത് വന്നു. .

ക്ഷേത്ര ഭരണ സമിതി അംഗങ്ങളും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൊതുപ്രവർത്തകരും നാട്ടുകാരുമായി ചർച്ച ചെയ്ത് ആശങ്കകൾ മാറ്റിയതിന് ശേഷമേ നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയുള്ളു.

കോവൂർ കുഞ്ഞുമോൻ

എം.എൽ.എ