കൊല്ലം: കൊട്ടാരക്കര കോട്ടാത്തല കിഴക്ക് ശ്രീമഹാദേവർ ക്ഷേത്രത്തിന്റെ തിടപ്പള്ളിയിൽ തീ പടർന്നത് പരിഭ്രാന്തി പരത്തി. ക്ഷേത്രം മേൽശാന്തി ആനന്ദ് പോറ്റി ഉണ്ണിയപ്പം വാർക്കുന്നതിനിടെയാണ് ഗ്യാസ് സിലിണ്ടറിന്റെ ട്യൂബിൽ തീ ആളിപ്പടർന്നത്. ഇന്നലെ രാത്രി ഏഴേ കാലോടെയാണ് സംഭവം. വിസ്താരം കുറഞ്ഞ മുറിയായതിനാൽ മുറിയ്ക്കുള്ളിലാകെ തീ പടർന്നു. മേൽശാന്തി പുറത്തേക്ക് ചാടി രക്ഷപെടുകയായിരുന്നു. ഉടൻതന്നെ കൊട്ടാരക്കര ഫയർഫോഴ്സിനെ വിവരം അറിയിച്ചു. ഒരു യൂണിറ്റ് ഫയർ ഫോഴ്സ് സംഘമെത്തി തീ കെടുത്തി, ഗ്യാസ് സിലിണ്ടർ അപകട രഹിതമാക്കി. സംഭവത്തെത്തുടർന്ന് പ്രദേശവാസികളെല്ലാം ക്ഷേത്ര വളപ്പിൽ തടിച്ചുകൂടി. തിടപ്പള്ളിയിലെ വയറിംഗ് സാധനങ്ങളും പാത്രങ്ങളുമടക്കം നശിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ നിത്യ പൂജയ്ക്കും മറ്റ് ചടങ്ങുകൾക്കും ഇന്ന് തടസങ്ങളില്ലെന്ന് മേൽശാന്തി അറിയിച്ചു.